ഒരാഴ്ചക്കകം കൊയിലാണ്ടിയിൽ കനാൽ ജലമെത്തും
കൊയിലാണ്ടി : ഒരാഴ്ചക്കകം കൊയിലാണ്ടി നഗരസഭാ പരിധിയിലും പരിസരങ്ങളിലും കനാൽ ജലമൊഴുകിയെത്തും. കുറ്റ്യാടി ജലസേചനപദ്ധതിയുടെ ഭാഗമായുള്ള ഇരിങ്ങൽ ബ്രാഞ്ച് കനാൽ വ്യാഴാഴ്ച തുറന്നു. കനാലുകളുടെ അറ്റകുറ്റപ്പണികൾ തീർക്കാനുള്ള ശ്രമം എങ്ങുമെത്തിയിട്ടുമില്ല. വെള്ളമെത്തുന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ പ്രവൃത്തികളെല്ലാം നിർത്തിവെക്കേണ്ടിവരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. മാർച്ച് മാസത്തോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണം എന്ന് നിഷ്കർഷയുണ്ടെങ്കിലും പലപ്പോഴും പ്രവൃത്തികൾ അവസാന നിമിഷങ്ങളിലാണ് കരാർ നൽകുക. പിന്നീടുള്ള ദിവസങ്ങളിൽ ഏതുവിധേനയും പണി പൂർത്തിയാക്കാനുള്ള ശ്രമമാണ് കരാറുകാർ നടത്തുക. അതുകൊണ്ട് ഗുണമേന്മ പലപ്പോഴും പാലിക്കാൻ കഴിയാറില്ല. പെട്ടന്ന് പണി തീർക്കാനുള്ള തിരക്കിന്റെ മറവിൽ പ്രവൃത്തികളുടെ ഗുണമേന്മയും കാര്യക്ഷമത കുറയുന്നതായുള്ള ആക്ഷേപങ്ങൾ പതിവാണ്. ഇത് കരാറുകാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാമടങ്ങിയ ഒരു ദൂഷിത വലയത്തിന്റെ സ്ഥിരം പരിപാടിയാണെന്ന് ജനങ്ങൾ ആക്ഷേപം പറയുന്നുണ്ട്.