ഒരു ഗ്രാമത്തിനും സഹപാഠികൾക്കും നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ മാത്രം ബാക്കി വെച്ച് ആൽവിൻ യാത്രയായി.
കൊയിലാണ്ടി: “ആൽവിൻ; അപർണ ടീച്ചറുടെ ക്ലാസിലെ മിടുമിടുക്കൻ. ഒരു തവണ സംസാരിച്ചവരാരും മറക്കില്ല. പറയാനുള്ളത് വെട്ടിത്തുറന്ന് പറയുന്ന പ്രകൃതം. മറ്റ് കുട്ടികൾ ചിന്തിക്കുന്നതിന് മുമ്പ് തന്റേതായ രീതിയിൽ ഉത്തരങ്ങൾ കണ്ടെത്തുന്ന ബുദ്ധിശാലി. ഏല്പിക്കുന്നതെന്തും മടിയില്ലാതെ ചെയ്യാൻ സന്നദ്ധൻ.” തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിയായിരുന്ന, ഇന്നലെ മുങ്ങിമരിച്ച ആൽവിൻ എന്ന വിദ്യാർത്ഥിയെക്കുറിച്ച് അവന്റെ കണക്ക് മാഷ് ശ്യാം ശർമ്മ എഴുതിയ കുറിപ്പിൽ നിന്നാണ് മുകളിലുദ്ധരിച്ചത്.
അഛനും സഹോദരിക്കുമൊപ്പം കുളിക്കാനിറങ്ങിയ ആൽവിൻ മുങ്ങി മരിച്ചു എന്ന കാര്യം കൊണ്ടം വള്ളി ഗ്രാമത്തിനോ സ്കൂളിലെ അദ്ധ്യാപക,വിദ്യാർത്ഥികൾക്കൊ വിശ്വസിക്കാനും അംഗീകരിക്കാനും ഇനിയും കഴിയുന്നില്ല. അവരുടെയെല്ലാം സ്നേഹ നിധിയും ഓമനയുമായിരുന്നു ആല്‍വിൻ. ആരെയും ആകർഷിക്കുന്ന പ്രതിഭാശാലിയായ ഒരു വിദ്യാർത്ഥി. എളാട്ടേരി മേറംങ്ങാട്ട് സുകേഷ് കുമാറിൻ്റെയും ജോഷിബയുടെയും മകൻ. ഒരു പതിനാല് വയസ്സുകാരൻ. ഇന്നലെ വൈകീട്ട് അച്ഛനും, സഹോദരിക്കുമൊപ്പം, കുളിക്കാനെത്തിയതായിരുന്നു. ശബരിമലക്ക് പോകാൻ വൃതമെടുത്തതായിരുന്നു. ഒരു പാട് പേർ ഒന്നിച്ചുകുളിക്കുന്നതിനിടയിൽ ആൽവിന്റെ അസാന്നിദ്ധ്യം ഏതാനും മിനുറ്റുകളോളം ആരുടേയും ശ്രദ്ധയിൽപെട്ടില്ല. ആൽവിനെ കാണാതായതോടെ, ഒപ്പമുള്ളവരും നാട്ടുകാരും ചേർന്ന് തിരഞ്ഞ് ആൽവിനെ മുങ്ങിയെടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹംപോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളെജിലാണുള്ളത്. ഏക സഹോദരിയാണ് ലാവണ്യ.