ഒരു വലിയ കുടുംബത്തിന്റെ കാരണവർ വിട വാങ്ങി
മക്കളും, മരുമക്കളും പേരക്കുട്ടികളും , അവരുടെ മക്കളുമൊക്കെയായി അറുപതിനടുത്ത് അംഗങ്ങളുള്ള കുടുംബത്തിലെ കാരണവരായിരുന്ന മീത്തലെ കാരോൽ നാരായണൻ നായർ വിടവാങ്ങി. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം കുറച്ചു ദിവസമായി വീട്ടിലും, ആശുപത്രിയിലുമൊക്കെയായി ചികിത്സയിലായിരുന്നു. കന്നുകാലി വളർത്തലും, കന്നുപൂട്ടലുമായിരുന്നു നാരായണൻ നായരുടെ കുടുംബത്തിന്റെ ജീവനോപാധി.
നാരായണൻ നായരുടെയും, അദ്ദേഹത്തിന്റെ കന്നുകാലികളുടെയും പാദ സ്പർശമേറ്റാണ് മേലൂരിലെയും, പരിസര പ്രദേശങ്ങളിലെയും നെൽവയലുകൾ ഒരു കാലത്ത് കതിരണിഞ്ഞിരുന്നത്. ആ തൊഴിൽ ശീലം മക്കളിലേക്കും പകർന്ന്, അവരിൽ ചിലരൊക്കെ കന്നുപൂട്ടലിലേക്കും, കന്നുകാലികച്ചവടത്തിലേക്കുമൊക്കെയെത്തി. കർഷകന്റെ അനാർഭാടമായ ജീവിതത്തിനിടയിൽ നാരായണൻ നായർക്കും , ജീവിത പങ്കാളി ദേവിയമ്മക്കും പതിനാലു മക്കൾ പിറന്നു. അവരെല്ലാവരും ചേർന്ന് ആ വലുതല്ലാത്ത വീട്ടിൽ ഒരുമയോടെ കഴിഞ്ഞു. ഉള്ളത് ഓണം പോലെ കൊണ്ടാടി. ഇല്ലായ്മകളിലും ആരുടെ മുന്നിലും തല കുനിക്കാതെ ജീവിത സാഗരം നീന്തിക്കൊണ്ടേയിരുന്നു. ഈയടുത്ത കാലം വരെ, മക്കളുടേയും, മരുമക്കളുടേയുമൊക്കെ കല്യാണത്തിനും, ഗൃഹപ്രവേശനത്തിനുമെല്ലാം മുന്നിൽ നിന്നത് നാരായണൻ നായർ തന്നെയായിരുന്നു. പറക്കമുറ്റാറായപ്പോൾ മക്കളോരോരുത്തരും അലോസരങ്ങളേതുമില്ലാതെ തങ്ങളുടേതായ കൂരകൾ കണ്ടെത്തിക്കൊണ്ടിരുന്നു.
ജീവിത വഴിയിൽ തന്നോടൊത്ത് ചേർന്നു നിന്ന പങ്കാളി അകാലത്തിൽ വേർപെട്ടു പോയതോടെ വീട്ടിന്റെ ചുറ്റുവട്ടത്തിലേക്ക് നാരായണൻ നായരൊതുങ്ങി. അപ്പോഴും, മക്കളും, ചങ്ങാതിമാരുമൊക്കെ ചേർന്നുളള ശീട്ടുകളിയിലും, അരിച്ചു പെറുക്കിയുള്ള പത്രം വായനയിലും ആനന്ദം കണ്ടെത്തി. പൊട്ടിച്ചിരികളുടെയും, ശബ്ദങ്ങളുടേയും വീടായിരുന്നു മീത്തലെ കാരോൽ. പിന്നീട് ആ പറമ്പിൽ പല വീടുകൾ വന്നു. ശബ്ദങ്ങളും ചിരികളും ചുറ്റുപാടിലേക്കും പടർന്നു. നാൽക്കാലികൾ എന്നും ആ വീടിന്റെ അവിഭാജ്യ ഘടകങ്ങളായി.
” ചെറിയ കുടുംബം സന്തുഷ്ട കുടുംബം”, “നാം ഒന്ന് നമുക്ക് രണ്ട് ” എന്നതൊക്കെ ജനസംഖ്യാവർധന എന്ന തെറ്റിദ്ധരിക്കപ്പെട്ട അവസ്ഥക്കെതിരായി ഭരണകൂടങ്ങൾ തയ്യാറാക്കിയ മുദ്രാവാക്യങ്ങളായിരുന്നു.
ഇന്ന് കോവിഡും, ഉക്രയിൻ യുദ്ധവും തകർത്ത മനുഷ്യ വിഭവ ശേഷിയെ തിരിച്ചു പിടിക്കാൻ പത്തു മക്കളെ പ്രസവിക്കുന്ന അമ്മമാർക്ക് പത്തു ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിക്കുന്നത് റഷ്യയിലാണ്. ഇന്ത്യ സമീപ ഭാവിയിൽ ഏറ്റവും ജനസംഖ്യയുളള രാജ്യമായി മാറുമെന്ന് കണക്ക് പറയുന്നു. കൂടുതൽ മനുഷ്യരുളള സമൂഹം കൂടുതൽ ശേഷിയുളള സമൂഹമാവുമെന്ന് സാമൂഹ്യ ശാസ്ത്രവും പറയുന്നു. മീത്തലെ കാരോൽ നാരായണൻ നായരുടേയും, ദേവിയമ്മയുടേയും പോലുളള, ഒരു കുടുംബം ഇനിയുണ്ടാവുമോ?
കാലം അതിനുത്തരം നൽകട്ടെ.