ഓക്‌സിജനു പിന്നാലെ രക്തവും കിട്ടാതാവുമോ. തയാറെടുപ്പുകള്‍ പാളിയാല്‍ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി
കോവിഡ് രോഗത്തിനൊപ്പം ലോകം രൂക്ഷമായ രക്ത ദൗര്‍ബല്യത്തിലേക്ക് വീഴുമെന്ന് മുന്നറിയിപ്പ്. ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് ആവശ്യമായ രക്തം നല്‍കാന്‍ ആളില്ലാതെ വരും.
നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിന്റെ ബ്ലഡ് ബാങ്കുകള്‍ക്കുള്ള പുതിയ സര്‍ക്കുലര്‍ വാക്‌സിനെടുത്തവര്‍ ഉടനടി രക്തം നല്‍കുന്നത് കര്‍ശനമായി വിലക്കുന്നു.
വാക്‌സിനെടുത്ത് കഴിഞ്ഞ് 28 ദിവസത്തിനു ശേഷം ആ വ്യക്തിയുടെ രക്തം സ്വീകരിച്ചാല്‍ മതിയെന്നാണ് ഈ സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നത്. കൊവാക്‌സിന്‍ എടുക്കുന്നൊരാള്‍ക്ക് ആദ്യ ഡോസ് വാക്‌സിനെടുത്ത് മിനിമം രണ്ടു മാസത്തേക്കും, കൊവിഷീല്‍ഡ് എടുക്കുന്നവര്‍ക്ക് മൂന്നു മാസത്തേക്കും പിന്നെ രക്തം ദാനം ചെയ്യാന്‍ പറ്റാത്ത ഒരു സ്ഥിതി വരും.
മെയ് 1 മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്നാണ് പറയുന്നത്. കാന്‍സര്‍ ചികിത്സ നടത്തുന്ന ആര്‍.സി.സി പോലുള്ള ആശുപത്രിയില്‍ വരുന്ന 90% രോഗികള്‍ക്കും രക്തം ആവശ്യമായി വരാം. ഇതിനു പുറമേ പ്രസവം, സിസേറിയന്‍, ശസ്ത്രക്രിയകള്‍, ആക്‌സിഡന്റുകള്‍, പൊള്ളല്‍ എന്നിങ്ങനെ ഒരു ദിവസം രക്തമാവശ്യമായി വരുന്ന രോഗികള്‍ കൊറോണ ബാധിതരേക്കാൾ അധികം വരും. 18 വയസിന് മുകളിലുള്ളവര്‍ക്ക് കൂടി വാക്‌സിനേഷന്‍ തുടങ്ങി, ഒന്നോ രണ്ടോ മാസം കഴിയുമ്പോഴായിരിക്കും ഈ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ ചിത്രം കിട്ടുക.
ഇതിനു പ്രതിവിധി സന്നദ്ധരക്തദാനമാണ്. ഓരോരുത്തരും വാക്‌സിന്റെ ആദ്യ ഡോസ് എടുക്കുന്നതിന് മുമ്പ്, സൗകര്യമുള്ള ഒരു ദിവസം ഏറ്റവും അടുത്ത ബ്ലഡ് ബാങ്കില്‍ പോയി രക്തം ദാനം ചെയ്യേണ്ടി വരും. എന്നാല്‍ ഇത്രയും രക്തം സൂക്ഷിച്ച് വെക്കാനുള്ള സംവിധാനം നമുക്ക് ഉണ്ടോ എന്നതും പ്രശ്‌നമാണ്. മാത്രമല്ല കൊറോണ സാഹചര്യത്തില്‍ രക്തദാതാക്കള്‍ എത്ര മാത്രം ആശുപത്രികളില്‍ എത്താന്‍ സന്നദ്ധമാവും എന്നതും പ്രശ്‌നമാണ്.
ഓക്‌സിജനു പിന്നാലെ രക്ത ദൗര്‍ബല്യവും കടന്നു വരുമോ എന്നാണ് ആശങ്ക. കൊറോണയെ അതിജീവിച്ചു കഴിയുമ്പോഴേക്കും മറ്റു രോഗങ്ങളുള്ളവര്‍ ആവശ്യത്തിന് രക്തം മരിച്ചു വീഴുന്ന അവസ്ഥ മറ്റൊരു ആഗോള ദുരന്തമാവും.