ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉടമകൾക്കും മറ്റ് അവശ വിഭാഗങ്ങൾക്കുമായി പരിമിതപ്പെടുത്താൻ തീരുമാനമായി
ഓണം ഇങ്ങെത്തി നിൽക്കെ ധനവകുപ്പ് അനുവദിച്ച തുകയിൽ നിന്ന് സപ്ലൈകോയ്‌ക്ക് വിപണി ഇടപെടലിന് ചെലവഴിക്കാനാകുന്നത് 70 കോടി രൂപ മാത്രമാണ്. അടിയന്തിരമായി അനുവദിച്ച 250 കോടിയിൽ ബാക്കി തുക നെല്ല് സംഭരണ കുടിശിക തീർക്കാനാണ് ധനവകുപ്പ് വകയിരുത്തിയത്. ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉടമകൾക്കും മറ്റ് അവശ വിഭാഗങ്ങൾക്കുമായി പരിമിതപ്പെടുത്താനും തീരുമാനമായി.
ഓണക്കാലത്ത് സൂപ്പർ സ്‌പെഷ്യൽ ഓണചന്തകളടക്കം പദ്ധതി തയ്യാറാക്കിയിട്ടും പണത്തിനായി നെട്ടോട്ടത്തിൽ തന്നെയാണ് സപ്ലൈക്കോ. അടിയന്തിരമായി 250 കോടി രൂപ അനുവദിച്ചെങ്കിലും പണം അക്കൗണ്ടിലെത്താൻ ഇനിയും നടപടികളുണ്ട്. ഇതിൽ സപ്ലൈകോയ്‌ക്ക് അനുവദിച്ചിരിക്കുന്നത് 70 കോടി രൂപ മാത്രമാണ്. 13 ഇനം അവശ്യസാധനങ്ങൾ സബ്‌സിഡി നിരക്കിൽ സാധാരണമാസങ്ങളിൽ ലഭ്യമാകുന്നതിന് പോലും 40 കോടി ചെലവ് വരുന്നുണ്ട്. അതിൽ നാലിരട്ടി ഉത്പന്നങ്ങളെങ്കിലും ഓണക്കാലത്ത് ആവശ്യമായി വരും. സബ്‌സിഡി തുകയ്‌ക്ക് മാത്രം 80 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുക്കൂട്ടൽ. ഈ വർഷത്തെ ഓണ ചെലവുകൾക്ക് കണ്ടെത്തേണ്ട തുക ഇതിന് പുറമേയാണ്.
കഴിഞ്ഞ തവണ ഓണക്കിറ്റ് വിതരണത്തിലുടെ സർക്കാരിന് ചെലവായത് 425 കോടി രൂപയാണ്. 500 രൂപ ചെലവ് വരുന്ന 13 ഇനങ്ങളാണ് അന്ന് എല്ലാ കാർഡ് ഉടമകൾക്കും വിതരണം ചെയ്തത്. കിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ ഇനത്തിൽ 45 കോടി നൽകാനുണ്ട്, ഇത് നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ അതിനുള്ള വഴി കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഭക്ഷ്യവകുപ്പ്. സാധനങ്ങൾക്ക് വില നൽകാത്തത് കൊണ്ട് തന്നെ വിതരണക്കാർ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. 600 കോടി രൂപയാണ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. അതുകൊണ്ട് തന്നെ സബ്സിഡിയ്‌ക്ക് വിൽക്കുന്നതിൽ മിക്ക സാധനങ്ങളും ലഭ്യമല്ല.