ഓണാഘോഷത്തിന് ഇന്ന് (സെപ്റ്റംബർ 9) തുടക്കം- ഇന്നത്തെ വിവിധ പരിപാടികൾ
ഇന്ന് (സെപ്തംബര്‍ ഒമ്പതിന്) വൈകീട്ട് അഞ്ചിന് ജില്ലയിലെ ഓണാഘോഷത്തിന്റെ മുഖ്യ വേദിയായ ടാഗോര്‍ ഹാളില്‍ ഓണാഘോഷ പരിപാടികള്‍ക്ക് തിരിതെളിയും. ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായിരിക്കും. എം.പിമാരായ എം.കെ. രാഘവന്‍, എളമരം കരീം, എം.പി വീരേന്ദ്ര കുമാര്‍ ജില്ലയിലെ മറ്റ് എംഎല്‍എമാര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിനു ശേഷം 6.30 ന് പ്രശസ്ത നര്‍ത്തകിയും ചലച്ചിത്ര താരവുമായ ആശാശരത്തും 40 കലാകാരന്മാരുമൊരുക്കുന്ന ‘ദേവ ഭൂമിക’ സംഗീത ശില്‍പ്പം അരങ്ങേറും. കേരളത്തിന്റെ തനതു കലാരൂപങ്ങള്‍ സമന്വയിക്കുന്ന സംഗീത ശില്‍പ്പത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ദൃശ്യാവിഷ്‌കാരം നല്‍കിയത് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ടി.കെ. രാജീവ് കുമാറുമാണ്. പ്രശസ്ത സംഗീത സംവിധായകന്‍ രമേഷ് നാരായണനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
ഓണാഘോഷത്തിന്റെ ഭാഗമായുള്ള നാടകങ്ങള്‍ അരങ്ങേറുന്നത് ടൗണ്‍ഹാളിലാണ്. സെപ്തംബര്‍ ഒമ്പതിന് വൈകീട്ട് ആറിന് കാളിദാസ കലാകേന്ദ്രത്തിന്റെ അമ്മ എന്ന നാടകത്തോടെ അരങ്ങുണരും.
ഉദ്ഘാടന ദിവസം മാനാഞ്ചിറയിലെ വേദിയില്‍ കളരിപ്പയറ്റ് പ്രദര്‍ശനം, പഞ്ചാരിമേളം, നാട്ടരങ്ങ് എന്നിവ നടക്കും. കളരിപ്പയറ്റ് പ്രദർശനം വൈകിട്ട് അഞ്ചു മുതൽ ആറു വരെയും, കുരുവട്ടൂർ സ്വരലയ അവതരിപ്പിക്കുന്ന പഞ്ചാരിമേളം വൈകീട്ട് 6 മുതൽ 7 വരെയും, ഇപ്റ്റ അവതരിപ്പിക്കുന്ന നാട്ടരങ്ങ് വൈകീട്ട് 7 മുതൽ 9 വരെയും മാനാഞ്ചിറയിൽ അരങ്ങേറും.
മജീഷ്യൻ പ്രദീപ് ഹുഡിനോ അവതരിപ്പിക്കുന്ന വണ്ടർ ഓൺ വീൽസ് രാവിലെ 10ന് കടലുണ്ടി ലെവൽക്രോസ്, 12 മണിക്ക് ഒളവണ്ണ കൊടിനാട്ടുകുന്ന്, വൈകീട്ട് നാലിന് കോഴിക്കോട് ബീച്ച്, 5 30 ന് വെള്ളയിൽ എന്നിവിടങ്ങളിൽ ഇന്ന് (സെപ്റ്റംബർ 9) അരങ്ങേറും.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് ജില്ലയിലെ ഓണാഘോഷം ഒരുക്കുന്നത്