ഓൺലൈൻ കോഴ്സുകളുടെ പേരിൽ തട്ടിപ്പ്; ജാഗ്രത നിർദേശവുമായി പൊലീസ്
തിരുവനന്തപുരം: ഓൺലൈൻ കോഴ്സുകളുടെ പേരിൽ സംസ്ഥാനത്ത് തട്ടിപ്പ് വ്യാപകമാവുന്നു. ഇപ്പോൾ വിവിധ കോഴ്സുകളുടെ ഫലം വരുന്ന സമയമായതിനാലാണ് കോഴ്സുകളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ കെണിയൊരുക്കുന്നത്. ഇ-മെയിൽ മേൽവിലാസങ്ങൾ സംഘടിപ്പിച്ച് അതിലൂടെ ഓൺലൈൻ കോഴ്സുകളിൽ ചേരാനുള്ള സന്ദേശങ്ങൾ അയക്കുന്നതാണ് പ്രധാന രീതി.
കോഴ്സിൽ ചേരാൻ രജിസ്റ്റർ ചെയ്യാനുള്ള ലിങ്കുകളും കൈമാറുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേത് ഉൾപ്പെടെ സർട്ടിഫിക്കറ്റുകൾ വാഗ്ദാനം നൽകിയാണിത്. പണം തട്ടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ഓൺലൈൻ കോഴ്സുകളുടെ കെണിയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണ് പൊലീസ് നൽകുന്നത്. സമൂഹമാധ്യമങ്ങളിലൂടെയടക്കം പൊലീസ് ഇതുസംബന്ധിച്ച ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അറിയപ്പെടുന്ന പല കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സർട്ടിഫിക്കറ്റുകൾ നൽകാമെന്ന പേരിൽ പണമിടപാടുകൾ നടത്തിയശേഷം ഒടുവിൽ അംഗീകാരമില്ലാത്തതും നിലവാരം കുറഞ്ഞതുമായ സർട്ടിഫിക്കറ്റുകൾ നൽകി തട്ടിപ്പ് നടത്തുന്നു. ഇത്തരം നിരവധി സംഭവങ്ങൾ അടുത്തിടെയായി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതായി പൊലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
മുൻകൂട്ടി പണം ആവശ്യപ്പെടുന്ന ഓൺലൈൻ കോഴ്സുകളും ജോലികളും വളരെ ശ്രദ്ധയോടെ മാത്രമേ തെരഞ്ഞെടുക്കാവൂ. ഒാൺലൈൻ കോഴ്സുകൾക്ക് ചേരുന്നതിനുമുമ്പ് സ്ഥാപനത്തിന്റെ അംഗീകാരവും മറ്റ് വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കണം. ഡിഗ്രി, പി.ജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിൽ ചേരുന്നവർ അവ അംഗീകൃത സർവകലാശാല നടത്തുന്നതാണോയെന്ന് ഉറപ്പാക്കണം. വിദൂരവിദ്യാഭ്യാസം വഴി യു.ജി.സി അംഗീകാരമില്ലാത്ത വിവിധ കോഴ്സുകൾ നടത്തുന്ന നിരവധി സർവകലാശാലകളും പ്രവർത്തിക്കുന്നുണ്ട്.
ഓൺലൈൻ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളുടേതടക്കം അനാവശ്യമായി ഒരു ലിങ്കുകളിലും ക്ലിക്ക് ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. പല പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരും ലോഗോയും ഉപയോഗിച്ചുള്ള തട്ടിപ്പും നടക്കുന്നുണ്ട്.