ഓർഡിനൻസുകളിൽ ഒപ്പിടുന്ന കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് ആവർത്തിച്ച് ഗവർണർ
ഓർഡിനൻസുകളിൽ ഒപ്പിടുന്ന കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് ആവർത്തിച്ച് ഗവർണർ. വിശദമായി പഠിച്ചതിനു ശേഷം മാത്രമേ ഓർഡിനൻസിൽ താൻ ഒപ്പിടുകയുള്ളൂ എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും വ്യക്തമാക്കി. നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് ഓർഡിനൻസ് ഇറക്കുന്നത്. കഴിഞ്ഞ തവണ നിയമ സഭ ചേർന്നപ്പോൾ എന്തുകൊണ്ട് അത് സഭയിൽ വച്ചില്ലെന്നും ഇത് വിശദമായി പഠിച്ച ശേഷം ഒപ്പിടുന്ന കാര്യം തീരുമാനിക്കാമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
താൻ ആരുടേയും നിയന്ത്രണത്തിലല്ലെന്നും തനിക്കെതിരെ വിമർശനമാകാമെന്നും പക്ഷേ തന്റെ ബോധ്യത്തിന് അനുസരിച്ചേ കാര്യങ്ങൾ ചെയ്യുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഗവർണർ ഒപ്പിടാത്തതിനാൽ ലോകായുക്ത ഓർഡിനൻസ് അടക്കം 11 ഓർഡിനൻസുകൾ ഇന്നലെ അസാാധുവായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥർ ഗവർണറെ കണ്ട് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഗവർണർ വഴങ്ങിയില്ല.
അതേസമയം അസാധുവായ 11 ഓര്‍ഡിനൻസുകൾക്ക് പകരം ബില്ല് പാസാക്കാൻ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനാണ് നീക്കം നടക്കുന്നത്. ഓര്‍ഡിൻസ് വിഷയത്തിൽ ഗവര്‍ണര്‍ നിലപാടിൽ അയവ് വരുത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെയും സര്‍ക്കാര്‍. ഒപ്പിട്ടില്ലെന്ന് മാത്രമല്ല, അസാധുവായ 11 ഓഡിനൻസുകൾ തിരികെ അയക്കാനും രാജ് ഭവൻ തയ്യാറായിട്ടില്ല. ഗവര്‍ണര്‍ ഓര്‍ഡിനൻസ് തിരിച്ചയച്ചാൽ മാത്രമേ സര്‍ക്കാരിന് ഭേദഗതിയോടെയെങ്കിലും വീണ്ടും സമര്‍പ്പിക്കാൻ സാധിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ ഗവര്‍ണര്‍ നടത്തുന്നത് അസാധാരണ നീക്കമാണ്. സാഹചര്യം മറികടക്കാനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നത്.