AGRICULTURE

ഔഷധസസ്യങ്ങളുടെ സംരക്ഷകനായി ഒരു ഫോറസ്റ്റ് ഗൈഡ്

പേരാമ്പ്ര: ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്നവർക്ക് കാടിനെപ്പറ്റിയും ഔഷധസസ്യങ്ങളെപ്പറ്റിയും വിശദമായി വിവരിക്കാൻ ഒരാളുണ്ട്. വനംവകുപ്പിന്റെ ഗൈഡായ പാലേരി തരിപ്പിലോട് ആറ്റുകുളങ്ങര രാജൻ. ഔഷധസസ്യങ്ങളെപ്പറ്റിയുള്ള അറിവ് ഇദ്ദേഹത്തിന് ജോലി മാത്രമല്ല, ജീവിതയാത്രയുടെ ഭാഗമാണ്. വീട്ടുമുറ്റത്ത് ഔഷധസസ്യത്തോട്ടം ഒരുക്കി വരുംതലമുറയ്‌ക്കായി കൈമാറുകയുമാണ് ഇദ്ദേഹം.

 

10 വർഷം മുമ്പാണ് രാജൻ ജാനകിക്കാട് ടൂറിസം കേന്ദ്രത്തിൽ താത്‌കാലിക ജീവനക്കാരനായത്. അപൂർവ ജൈവവൈവിധ്യങ്ങൾ നിറഞ്ഞുനിൽക്കുന്ന ഇടത്തിലെത്തിപ്പെട്ടതോടെ ഔഷധസസ്യങ്ങളുടെ ഗുണങ്ങളും ശാസ്ത്രീയനാമവുമെല്ലാം അടുത്തറിയാൻ കഴിഞ്ഞു. അതിനുശേഷമാണ് പുഴത്തീരത്തുതന്നെയുള്ള വീട്ടുമുറ്റത്ത് ഔഷധസസ്യങ്ങൾ വളർത്തിത്തുടങ്ങിയത്. പിന്നീട് പുതിയവയോരോന്നും തേടിപ്പിടിച്ചെത്തിച്ചു. കുറച്ച് തൈകൾ വനംവകുപ്പിൽനിന്ന് ലഭിച്ചു. നാട്ടിൽനിന്ന് ലഭിക്കാത്തവ മറ്റിടങ്ങളിൽനിന്നുവാങ്ങി നട്ടു. ബ്രീട്ടുഷുകാരുടെ കാലത്ത് വീഞ്ഞുണ്ടാക്കാൻ ചേർത്തിരുന്ന രാജാപുളി കണ്ണൂരിൽനിന്നാണ് രാജന് കിട്ടിയത്. വയനാട്ടിൽനിന്ന്‌ ചില തൈകൾ കൊണ്ടുവന്നു.

 

ഇപ്പോൾ ഇരുനൂറോളം ഔഷധസസ്യങ്ങൾ വീട്ടുപറമ്പിലുണ്ട്. നാഗദന്തി, അണലി വേഗം, അരൂദ, അല്പം (കോടകശാരി), മരൾ, കൈയ്പാമൃത്, ചിറ്റാമൃത്, ഈശ്വരമുല്ല, ചങ്ങലംപരണ്ട, ചിറ്റരത്ത, വള്ളിപ്പാല, അമൃഗവള്ളി, മുറികൂട്ടി, മണിതക്കാളി തുടങ്ങിയവയൊക്കെ ഇവിടെ തഴച്ചുവളരുന്നു. അപൂർവ മരങ്ങളും പറമ്പിലുണ്ട്. പാമ്പിനെ അകറ്റുന്ന ഔഷധസസ്യങ്ങളടക്കം വീട്ടുമുറ്റത്തുണ്ടെന്ന് രാജൻ പറയുന്നു. വിഷചികിത്സയ്‌ക്കടക്കമുള്ള ഔഷധസസ്യങ്ങൾ തേടി വൈദ്യൻമാർ ഇപ്പോൾ ഇവിടെയെത്തുന്നു. വീട്ടുപറമ്പിൽ 40- ഓളം പ്ലാവുകളും രാജൻ നട്ടുവളർത്തിയിട്ടുണ്ട്.

 

ജാനകിക്കാട് കാണാനെത്തുന്ന വിദ്യാർഥികൾക്ക് ക്ലാസെടുക്കാനും ഏറെക്കാലമായി രാജനുണ്ട്. സ്കൂളിലും ചില വീടുകളിലും ഔഷധസസ്യത്തോട്ടവും ഇദ്ദേഹം ഒരുക്കിനൽകിയിട്ടുണ്ട്. കൃഷി പ്രോത്സാഹിപ്പിക്കാനായി നാട്ടിൽ രൂപവത്കരിച്ച ഹരിതഗ്രാമം സംഘടനയിലെ അംഗമായ ഇദ്ദേഹം തേനീച്ചക്കൃഷിയിലും ഒരുകൈനോക്കാറുണ്ട്. ഭാര്യ വനജയും മക്കളും കൃഷിയിൽ സഹായവുമായി ഒപ്പമുണ്ട്. സഹോദരൻ പ്രകാശനും നല്ല കർഷകനാണ്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button