കടുത്ത പ്രതിഷേധത്തെ തുടർന്ന് ശ്രീറാം വെങ്കിട്ടരാമനെ ജില്ലാകളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ ചുമതലയേറ്റ് ഏഴാംനാള്‍ കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറുടെ പദവിയില്‍നിന്ന് മാറ്റി. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാമിനെ കളക്ടറായി നിയമിച്ചതില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. വിവിധ സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളും പ്രതിഷേധം കനപ്പിക്കുന്നതിനിടെയാണ് ശ്രീറാമിനെ മാറ്റിയത്.
സിവിൽ സപ്ളൈസ് കോർപ്പറേഷൻ ജനറൽ മാനേജരായാണ് പുതിയ നിയമനം. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ വി ആർ കൃഷ്‌ണ തേജയാണ് ആലപ്പുഴ കളക്ടർ. ശ്രീറാമിന്റെ നിയമനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും കേരള മുസ്ളിം ജമാഅത്തും എ.പി സുന്നി വിഭാഗവും രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ശ്രീറാമിനെ മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. കേസ് അവസാനിച്ച ശേഷം മതി ഇനി കളക്ടറായി നിയമനമെന്നാണ് നിർദ്ദേശം. സപ്ളൈക്കോയുടെ കൊച്ചി ഓഫീസിലാകും ശ്രീറാം പ്രവർത്തിക്കുക.