കണ്ണൂർ ട്രെയിൻ തീവെപ്പ്: പ്രതിയുടെ വിരലടയാളം തിരിച്ചറിഞ്ഞു; ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും
കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊൽക്കത്ത സ്വദേശി പുഷൻജിത്ത് സിദ്ഗർ എന്നയാളാണ് കസ്റ്റഡിയിലുള്ളത്. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച വിരലടയാളങ്ങളിൽ നാലെണ്ണം ഇയാളുടേതാണ് എന്ന് തെളിഞ്ഞിട്ടുണ്ട്.ഇയാൾ തീവെപ്പിന് തൊട്ട് മുൻപ് ട്രാക്കിന് പരിസരത്തു ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇയാളെ കണ്ടതായി ബി.പി.എസ്.എല്‍ സുരക്ഷ ജീവനക്കാരനും മൊഴി നൽകിയിട്ടുണ്ട്. പ്രദേശത്തെ കൂടുതൽ സിസിടി വി ദൃശ്യം രാത്രിയും പൊലീസ് പരിശോധിച്ചിരുന്നു.
കണ്ണൂരില്‍ തീപിടിത്തമുണ്ടായത് എലത്തൂരില്‍ തീവെപ്പുണ്ടായ അതേ ട്രെയിനില്‍
കഴിഞ്ഞദിവസം ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചതിനെത്തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് മേധാവി അനുമതി നൽകിയത്. മുമ്പ് സ്റ്റേഷന് സമീപത്ത് തീയിട്ട ആളാണ് ഇയാൾ. അന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി വിട്ടയക്കുകയായിരുന്നു. ഇയാൾ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയുണ്ട്.
എലത്തൂർ ട്രെയിൻ തീവയ്പു കേസും തമ്മിൽ ബന്ധമുണ്ടോയെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധിക്കുന്നു. ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽത്തന്നെയാണു രണ്ടുതവണയും തീയിട്ടത്. എലത്തൂർ കേസിലെ പ്രതി ഷാറുഖ് സെയ്ഫി ചോദ്യംചെയ്യലിൽ എൻഐഎക്കു നൽകിയ മൊഴിയാണ് രണ്ടാമത്തെ കേസിൽ അതിവേഗം ഇടപെടാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്.
‘അതു ഞാനല്ലെങ്കിൽ മറ്റൊരാൾ ചെയ്യും’ എന്ന, വ്യാപക അർഥം കൽപിക്കാവുന്ന മൊഴി ഷാറുഖ് സെയ്ഫി നൽകിയിരുന്നു. അതിനു പരസ്പര ബന്ധമില്ലാത്ത വിശദീകരണങ്ങളാണു പിന്നീടുള്ള ചോദ്യം ചെയ്യലിൽ പ്രതി നൽകിയത്. കണ്ണൂർ തീവയ്പു കേസിലെ പ്രതിയെ ചോദ്യംചെയ്താൽ എലത്തൂർ കേസിനും സഹായകരമായേക്കും.
എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോ എന്നതിൽ ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാൻ ഇന്നലെ വൈകിട്ട് വീണ്ടും ബോഗിയിൽ പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ചാൽ മാത്രമാകും കൂടുതൽ നടപടി ഉണ്ടാകുക. സംഭവത്തിന്റെ പശ്ചാത്തലത്തിൽ റയിൽവേ സുരക്ഷ പരിശോധനയും അന്വേഷണവും ഇന്നും ഉണ്ടാകും.
വ്യാഴാഴ്ചയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗി കത്തിനശിച്ചത്. പുലർച്ചെ ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. മൂന്നാം പ്ലാറ്റ്ഫോമിന് സമീപം എട്ടാമത്തെ യാർഡിൽ നിർത്തിയിട്ടിരുന്ന ബോഗിയാണ് കത്തിയത്. തീപിടിത്തമുണ്ടാകുമ്പോൾ ട്രെയിനിൽ ആരുമുണ്ടായിരുന്നില്ല