കതിരണി പദ്ധതിയിലെ അവ്യക്തത നീക്കണം; കീഴരിയൂർ പഞ്ചായത്ത് കാർഷിക വികസന സമിതി അംഗങ്ങൾ
കീഴരിയൂർ : ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കീഴരിയൂരിലെ ചെറുപുഴയിൽ നെൽകൃഷി നടത്താൻ അനുയോജ്യമാക്കുന്നതിന് 48 ലക്ഷം ചെലവഴിച്ച് നടപ്പിലാക്കുന്ന കതിരണി പദ്ധതിയിലെ അവ്യക്തത നീക്കണമെന്ന് കീഴരിയൂർ പഞ്ചായത്ത് കാർഷിക വികസന സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. യന്ത്രങ്ങളുടെ സഹായത്തോടെ പദ്ധതി പ്രദേശത്ത് തോടിന് ആഴം വർദ്ധിപ്പിക്കൽ ,ചെളി, പായൽ തുടങ്ങിയവ നീക്കം ചെയ്യൽ എന്നിവയ്ക്ക് 25 ലക്ഷം രൂപ ചെലവായിട്ടു ണ്ടെന്നാണ് വിവരം. എന്നാൽ ചെറുപുഴ ഇപ്പോഴും പായൽമൂടി കിടക്കുകയാണ്. പദ്ധതി പ്രവർത്തനം പൂർത്തീകരിക്കുന്നതിനു മുമ്പ് കതിരണി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.
ലക്ഷങ്ങൾ ചെലവഴിച്ച് നടത്തുന്ന പ്രവർത്തനത്തിൽ പാടശേഖര സമിതിക്കോ പൊതുജനങ്ങൾക്കോ ഗ്രാമ പഞ്ചായത്തിനോ പദ്ധതി പ്രദേശത്തെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കോ അറിവോ നിയന്ത്രണമോ ഇല്ലാത്ത സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട അവൃക്തത നീക്കണമെന്ന ആവശ്യം ഉയർന്നു വരുന്നത്. സർക്കാർ ചെലവഴിക്കുന്ന പണം പാഴാകാതിരിക്കാനും കർഷകർക്ക് ഗുണ പ്രദമായി മാറാനും നടപടി സ്വീകരിക്കണമെന്നും പദ്ധതി പ്രവർത്തനം സുതാര്യമായിരിക്കണമെന്നും സന്ദർശകസമതിയിലെ അംഗങ്ങളായ ഇടത്തിൽ ശിവൻ ,ചുക്കോത്ത് ബാലൻ നായർ ,ടി.കെ വിജയൻ ,ഗംഗാധരൻ നായർ പുതിയോട്ടിൽ, കെ.കെ. വിജയൻ , എം. കുട്ട്യാലി എന്നിവർ ആവശ്യപ്പെട്ടു.