കനത്ത മഴ; സംസ്ഥാനത്ത് 12 സ്ഥലങ്ങളിൽ ഉരുള്‍പൊട്ടല്‍, കൂടുതല്‍ നാശനഷ്ടം കണ്ണൂരില്‍
കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ കണ്ണൂരില്‍ അതീവ ജാഗ്രത തുടരുന്നു. മലയോര ജില്ലയിലെ ഇരിട്ടി, പേരാവൂര്‍, കൊട്ടിയൂര്‍ കേളകം, കണ്ണിച്ചാര്‍, കോളയാട് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.
ഇന്നലെ മാത്രം സംസ്ഥാന വ്യാപകമായി 12 ഇടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കണ്ണൂരിലെ പേരാവൂരിലാണ് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായത്. ജില്ലയിലെ കണ്ണിച്ചാർ പഞ്ചായത്തില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി വ്യാപകനാശമുണ്ടായി. പൂളക്കുറ്റിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വൻതോതിൽ പാറകളും മണ്ണും നാല് കിലോമീറ്റർ ദൂരത്തിൽ ഒഴുകി ഇറങ്ങി. ചന്ദ്രൻ എന്നയാളുടെ വീട് പൂർണമായി നശിച്ചു. ചന്ദ്രന്‍റെ മൃതദേഹം രക്ഷാപ്രവർത്തകർ രണ്ടര കിലോമീറ്റർ ദൂരത്ത് നിന്നാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്‍റെ മകൻ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. രാജേഷ് എന്ന ഓട്ടോഡ്രൈവറും നുമാ തസ്ലീൻ എന്ന രണ്ടര വയസ്സുകാരിയും ഉരുൾപൊട്ടലിൽ മരിച്ചു. നാലിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതിനാൽ കണ്ണൂരിലെ മലയോര മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്.
കണ്ണവം വനഭാഗത്തും കാര്യമായ നാശം ഉണ്ടായി. ഉരുൾപൊട്ടൽ മേഖലയിലേക്ക് ആളുകളുടെ സന്ദർശനം അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. രക്ഷാപ്രവർത്തിന് ഇത്തരം സന്ദർശകർ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് അനാവശ്യമായി ആരേയും ദുരന്തമേഖലകളിലേക്ക് കടത്തി വിടേണ്ട എന്ന നിർദേശം പൊലീസ് നൽകുന്നത്.