കനാലിൽ നീരൊഴുക്ക് കുറയുന്നു. കൈ കനാലുകൾ തുറക്കുന്നേയില്ല. കൊയിലാണ്ടിയിൽ വരൾച്ചയും ജലക്ഷാമവും രൂക്ഷമായി തുടരുന്നു
കൊയിലാണ്ടി: കനാലുകളിൽ നീരൊഴുക്ക് കുറയുകയും കൈ നാലുകൾ ഇതുവരെ തുറക്കാതിരിക്കയും ചെയ്തതോടെ കൊയിലാണ്ടി മേഖലയിൽ ജലക്ഷാമം രൂക്ഷമാകുന്നു. വേനൽ മഴ ലഭിക്കുന്നുമില്ല. കിണറുകൾ വറ്റിവരണ്ടതിനെ തുടർന്ന് ലോറിയിൽ വെള്ളമെത്തിച്ചാണ് പലരും ദൈനം ദിനാവശ്യങ്ങൾ നിർവഹിക്കുന്നത്. സാധാരണ വർഷങ്ങളിൽ മാർച്ച് ആദ്യവാരത്തോടെ തന്നെ കനാൽ ജലം ഉൾപ്രദേശങ്ങളിലെ കൈകനാലുകളിലും ഫീൽഡ് ബൂത്തികളിലും ഒഴുകി നിറയുമായിരുന്നു. മാർച്ച് മാസത്തിൽ തന്നെ നാലോ അഞ്ചോ തവണ വെള്ളം കിട്ടുന്നത് കൊണ്ട് വരൾച്ചയെ വലിയ തോതിൽ പ്രതിരോധിക്കാൻ കഴിഞ്ഞിരുന്നു. എന്നാലിത്തവണ ഏപ്രിൽ ആദ്യവാരം പിന്നിടുമ്പോഴും ഈ പ്രദേശങ്ങളിലൊന്നും കനാൽ വെള്ളമെത്തിയിട്ടേയില്ല. പ്രധാന കനാലിൽ വെള്ളമുണ്ടെങ്കിലും തിരുവങ്ങൂരിലേക്കും ഇരിങ്ങലിലേക്കും മാറി മാറി വെള്ളമൊഴുക്കണം. അതു കൊണ്ട് തുടർച്ചയായ ദിവസങ്ങളിൽ വെള്ളമുണ്ടാക്കുന്നില്ല. ഉള്ള ദിവസങ്ങളിൽ തന്നെ വെള്ളത്തിൻ്റെ ഒഴുക്ക് വളരെ ശക്തി കുറഞ്ഞ നിലയിലാണ്. അത് കൊണ്ട് മെയിൻ കനാലിൻ്റെ തിരുവങ്ങൂരിലെ ടെയ്ൽ എൻ്റിൽ ഇതുവരെ വെള്ളമെത്തിക്കാനായില്ലന്ന് എ ഇ സുജാത പറയുന്നു. ഇന്നലേയും ഇന്നു (ബുധൻ)മായി അതിനുള്ള വലിയ ശ്രമം നടത്തി വരികയാണ്. ഇന്നു വൈകീട്ടോടെ ടെയ്ലെൻ്റിൽ വെള്ളമെത്തുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തന്നെ റെയിൽ പാത കടന്ന് കാപ്പാട് മേഖലയിൽ വെള്ളമെത്തിയിട്ടുണ്ട്.
70 മുതൽ 80 സെൻ്റീമീറ്റർ വരെ വെള്ളമുണ്ടെങ്കിലേ ആവശ്യമായ വേഗതയിൽ നീരൊഴുക്കുണ്ടാകൂ. എന്നാൽ 55 സെൻ്റിമീറ്ററിലാണ് ഇന്നത്തെ നീരൊഴുക്ക്. അവർ വ്യക്തമാക്കി. നാളെയോടെ ടെയ്‌ലെൻ്റിൽ ആവശ്യത്തിന് വെള്ളമെത്തിച്ചു കഴിഞ്ഞാൽ, കൈ കനാലുകളിലേക്കും ഫീൽഡ് ബോത്തികളിലേക്കും വെള്ളം തുറക്കും. അതോടെ ജലക്ഷാമത്തിന് ചെറിയ തോതിൽ പരിഹാരമാകുമെന്ന് കരുതുന്നു. കനാലുകൾ തുറക്കുന്നതിന് മുമ്പ് ശരിയാംവണ്ണം അറ്റകുറ്റപ്പണികൾ ചെയ്യാൻ കഴിയാതിരുന്നതാണ് നീരൊഴുക്ക് കുറയാനും ലിക്കേജ് വൻതോതിൽ കൂടാനുമൊക്കെ ഇടയാക്കിയത്.
വേനൽ മഴയുണ്ടാകുമെന്ന് ദിനേന പ്രവചനങ്ങളുണ്ടാകുന്നുണ്ടെങ്കിലും മഴയുണ്ടാകുന്നില്ല. ഉച്ചയോടെ അന്തരീക്ഷം മേഘാവൃതമാകുകയും ഇടിമിന്നൽ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ മഴ ചെറിയ ചാറ്റലായി ഒതുങ്ങിപ്പോകുന്നു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്ര വാതച്ചുഴി ന്യൂനമർദ്ദമായി വടക്കൻ കേരളത്തിൽ ശക്തമായ മഴക്ക് കാരണമാകുമെന്ന പ്രവചനം യാഥാർത്ഥ്യമാകുമോ എന്ന് കാത്തിരിക്കയാണ് ജനങ്ങൾ. അത് സംഭവിക്കുന്നില്ലങ്കിൽ ഗുരുതരമായ വരൾച്ചയും ജലക്ഷാമവുമായിരിക്കും ഫലം