കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്. മുഖ്യ കൂട്ടാളികൾ പാർട്ടിക്കാർ തന്നെ
കരുവന്നൂർ ബാങ്കിൽ നടന്നത് 104.37 കോടിയുടെ ക്രമക്കേടാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിയമസഭയെ അറിയിച്ചു. തട്ടിപ്പ് സഭയിൽ പ്രതിപക്ഷം ഉന്നയിച്ചതോടെയാണ് മന്ത്രി വിശദീകരണം നൽകിയത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്. ഇതോടൊപ്പം സഹകരണ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. തട്ടിപ്പിൽ പങ്കുള്ള 7 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തുവെന്നും മന്ത്രി സഭയെ അറിയിച്ചു.
സഹകരണ മേഖലയ്ക് മൊത്തത്തിൽ അപമാനകരമായി തീർന്നിരിക്കുന്ന സംഭവം ഇത്തരം സ്ഥാപനങ്ങളുടെ വിശ്വാസ്യത തന്നെ തകർക്കുന്നതായി മാറിയിരിക്കയാണ്. കേസിലെ പ്രതികളിൽ മൂന്നു പേരും സിപിഎം അംഗങ്ങളാണെന്നും ഇവരിൽ രണ്ട് പേർ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളാണെന്നുമാണ് വാർത്ത.
മാനേജർ ബിജു കരീം, സെക്രട്ടറി ടി.ആർ.സുനിൽ കുമാർ, ചീഫ് അക്കൗണ്ടന്റ് സി.കെ.ജിൽസ് എന്നീ പ്രതികൾ പാർട്ടി അംഗങ്ങളാണ്. ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗമാണ്. ടി.ആർ.സുനിൽ കുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗമാണ്.
വായ്പ നൽകിയ വസ്തുക്കളിൽ തന്നെ വീണ്ടും വായ്‌പ നൽകിയും ക്രമം തെറ്റിച്ചു പല അക്കൗണ്ടുകളിലേക്കു പണം മാറ്റിയുമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നത്. ബിനാമി ഇടപാടുകള്‍, നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പ്, ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുടെ വായ്പ തുടങ്ങിയവയെല്ലാം തട്ടിപ്പിന്റെ ഭാഗമായിരുന്നു.
2019 2019-ൽ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് രജിസ്ട്രാർ അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് വിവരങ്ങൾ പുറത്തു വന്നത്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുണ്ടായിരുന്നത്. കേന്ദ്ര സർക്കാർ സഹകരണ നിയമം വരുതിയിലാക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നു എന്ന സാഹചര്യത്തിലാണ് സി.പി.എം നെ പ്രതിക്കൂട്ടിലാക്ക് ബാങ്ക് തട്ടിപ്പ് പുറത്ത് വന്നിരിക്കുന്നത്.