കരുവാരക്കുണ്ട് തുവ്വൂരില്‍ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
കരുവാരക്കുണ്ട് തുവ്വൂരില്‍ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഏതാനും ദിവസമായി പോലീസിന്റെ കസ്റ്റഡിയിലായിരുന്ന വിഷ്ണു, അച്ഛന്‍ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനാണ് വിഷ്ണു.
തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അക്കരപ്പുറം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പു ഫലം വന്നശേഷം ആഹ്‌ളാദപ്രകടനം നടക്കുമ്പോള്‍ സുജിത ഉണ്ടായിരുന്നു. ഉച്ചയ്ക്ക് കൃഷിഭവനില്‍നിന്ന് തലവേദനയെന്ന് പറഞ്ഞ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഇറങ്ങിയ സുജിതയെക്കുറിച്ച് പിന്നീട് വിവരമുണ്ടായിരുന്നില്ല. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഓഗസ്റ്റ് 11-നാണ് സുജിതയെ കാണാതാകുന്നത്. സുജിതയെ കാണാതായ വിവരം ഫെയ്സ് ബുക്കിലൂടെ ആദ്യം പങ്കുവെച്ചത് വിഷ്ണുവായിരുന്നു.
റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള പകല്‍വീടിനു തൊട്ടുടുത്തായാണ് വിഷ്ണുവിന്റെ വീട്. മാലിന്യ ടാങ്ക് തുറന്ന് അരികിലായി കുഴി എടുത്താണ് മൃതദേഹം ഒളിപ്പിച്ചത്. കുഴിയുടെ മുകളില്‍ കോണ്‍ക്രീറ്റ് മെറ്റല്‍ വിതറി കോഴിക്കൂട് സ്ഥാപിച്ച നിലയിലാണുണ്ടായിരുന്നത്. ഒറ്റനോട്ടത്തില്‍ മാലിന്യ ടാങ്കിന് സമീപം കുഴിയെടുത്തത് ആരുടേയും ശ്രദ്ധയില്‍പ്പെടില്ല.