കര്‍ണാടക സ്‌കൂള്‍ പാഠപുസ്തകത്തില്‍ നിന്നും ടിപ്പുവിനെ ഒഴിവാക്കില്ല; പക്ഷേ…
വരാനിരിക്കുന്ന സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ടിപ്പു സുല്‍ത്താന്റെ ഇതുവരെയുണ്ടായിരുന്ന പല ഭാഗങ്ങളും ഒഴിവാക്കുകയും മറ്റ് പലതും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുമെന്ന് സൂചന. അവലോകന കമിറ്റി സമര്‍പ്പിച്ച റിപോര്‍ടില്‍ ടിപ്പുവിന്റെ ഭരണനേട്ടങ്ങളും മറ്റ് ചരിത്രപരമായ വസ്തുതകളും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചതായി ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപോര്‍ട് ചെയ്തു.
വിദ്യാഭ്യാസവകുപ്പ് റിവ്യൂ കമിറ്റി റിപോര്‍ട് പരിഗണിച്ചാല്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ വരുന്ന അധ്യയന വര്‍ഷത്തില്‍ മാറ്റങ്ങള്‍ നടപ്പാക്കും. ടിപ്പു സുല്‍ത്വാനെക്കുറിച്ചുള്ള അധ്യായങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു, എന്നാല്‍ വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് വെള്ളിയാഴ്ച അത് തള്ളിക്കളഞ്ഞു. അധ്യായങ്ങള്‍ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വരും തലമുറയോട് പറയേണ്ട ചില ചരിത്ര വിഷയങ്ങളുണ്ട്. പറയപ്പെടാത്ത നിരവധി ചരിത്ര ഭാഗങ്ങളുണ്ട്, അവ വിവരിക്കേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ സംഭവിച്ച ഈ തെറ്റുകള്‍ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും എന്നാല്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നും മന്ത്രി പറഞ്ഞു.
കര്‍ണാടക വികസന അതോറിറ്റി അംഗമായ രോഹിത് ചക്രതീര്‍ഥയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രൈമറി, സെകന്‍ഡറി വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച അവലോകന സമിതിയുടെ നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസും മറ്റ് പാര്‍ടികളും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.