സംസ്ഥാനത്ത് ലോഡ് ഷെഡിം​ഗ് ഉടനില്ല

സംസ്ഥാനത്ത് ലോഡ് ഷെഡിം​ഗ് ഉടനില്ല. സെപ്തംബർ 4 വരെ പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നത് തുടരാനാണ്  മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം. സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള ടോട്ടക്സ് പദ്ധതി ഉപേക്ഷിക്കുമെന്നും യോ​ഗത്തിൽ തീരുമാനിച്ചു. പകരം ബദൽ സ്മാർട്ട് മീറ്റർ പദ്ധതി സ്വന്തം നിലക്ക് നടപ്പാക്കാൻ മുഖ്യമന്ത്രി കെഎസ്ഇബിക്ക് നിർദ്ദേശം നൽകി.

അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ് ഈടാക്കും. യൂണിറ്റിനു ആകെ 19 പൈസ സർ ചാർജ് ഈടാക്കും. കെഎസ്ഇബി നിശ്ചയിച്ച സർചാർജ് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ നവംബർ വരെ നിശ്ചയിച്ച ഒമ്പത് പൈസയും ചേർത്താണ് 19 പൈസ ഈടാക്കുക.

അതേസമയം വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി. സാങ്കേതിക തകരാറിനെ തുടർന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയിൽ അപ്രതീക്ഷിതമായി 300 മെഗാവാട്ടോളം കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം ആറ് മണി മുതൽ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ  ഉപഭോക്താക്കൾ തയ്യാറാകണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.

Comments

COMMENTS

error: Content is protected !!