കര്‍ഷകര്‍ക്കൊരു കൈത്താങ്ങ്; 26 രാവിലെ സിവില്‍ സ്റ്റേഷനില്‍
കാലവര്‍ഷം കാര്‍ഷികമേഖലയെ തകര്‍ത്തെറിഞ്ഞപ്പോള്‍ അതിജീവിച്ച കര്‍ഷകര്‍ക്ക് മികച്ച വിലയില്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് അവസരമൊരുക്കുകയാണ് കൃഷിവകുപ്പ്. വയനാട്ടിലെ പ്രളയബാധിത പ്രദേശത്തെ ഉല്‍പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് വെജിറ്റബിള്‍ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ സംഭരിച്ച് കോഴിക്കോട് സിവില്‍സ്റ്റേഷനിലും, മുതലക്കുളം ഗ്രൗണ്ടിലും തുറക്കുന്ന ന്യായവില വിപണികള്‍ വഴി വിറ്റഴിക്കുന്നതിന് തീരുമാനിച്ചതായി കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. ആഗസ്റ്റ് 26 രാവിലെ 9.30 മണിക്ക് പരിപാടിയുടെ ഉദ്ഘാടനം സിവില്‍ സ്റ്റേഷനില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ എസ് സാംബശിവറാവു അധ്യക്ഷത വഹിക്കും.
ഗ്രാമീണ മേഖലയില്‍ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിലകുറച്ചാണ് ഇടനിലക്കാര്‍ മൊത്ത വിപണികളില്‍ എത്തിക്കാറുള്ളത്. കര്‍ഷകര്‍ക്ക് വിളവെടുക്കുന്നതിനും ഗതാഗതത്തിനും ചെലവാക്കുന്ന തുകപോലും മിക്ക അവസരങ്ങളിലും ലഭിക്കാറില്ല. ഈ സാഹചര്യത്തില്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിനാണ് കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ നേരിട്ട് സംഭരിച്ച് വില്‍ക്കുന്നതിന് തീരുമാനമെടുത്തിരിക്കുന്നത്.
വയനാട്ടിലെ സംഭരണകേന്ദ്രങ്ങളില്‍ സംഭരിച്ച ഉല്‍പ്പന്നങ്ങള്‍ ആഗസ്റ്റ് 26 മുതല്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലും, മുതലക്കുളം ഗ്രൗണ്ടിലും ആരംഭിക്കുന്ന വില്‍പ്പന കേന്ദ്രത്തിലൂടെ വിറ്റഴിക്കും. പൂര്‍ണ്ണമായും സേവന അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ലാഭം മുഴുവന്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുവാനാണ് തീരുമാനം.
വയനാട്ടിലെ പ്രളയബാധിത പ്രദേശത്തെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനുള്ള ഒരു അവസരമായി കണക്കാക്കി ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഹോട്ടലുടമകള്‍, പൊതുപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ഉത്പന്നങ്ങള്‍ വാങ്ങി കര്‍ഷകരെ അതിജീവനത്തിന് സഹായിക്കണമെന്ന് കൃഷിമന്ത്രി അഭ്യര്‍ത്ഥിച്ചു.