കലാവിഭവങ്ങളുടെ സമൃദ്ധിയിൽ ആവണിപ്പൂവരങ്ങിന് സപ്തംബർ 8 ന് തിരിതെളിയും
ചേമഞ്ചേരി : കേരളീയതയുടെ സാംസ്ക്കാരിക വൈവിധ്യത്തെ കലാസൗന്ദര്യത്തോട് ചേർത്ത് നിർത്തി ഒരുമയുടെ സ്വരലയഭാവങ്ങൾ തീർക്കുന്ന ആവണിപ്പൂവരങ്ങിന് പൂക്കാട് കലാലയത്തിൽ സപ്തംബർ 8 ന് കൊടിയേറും . പ്രവർത്തനനിരതമായ 48 വർഷ പൂർത്തീകരണത്തിന്റെ കനകശോഭയിലാണ് 500 ഓളം വിദ്യാർത്ഥികൾ കലാവിഭവങ്ങൾ ഒരുക്കുന്നത് . കുട്ടികൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും പ്രവർത്തകരും നാട്ടുകാരും ആവണിപ്പൂവരങ്ങ് കലാസംഗമത്തിൽ ഉണ്ടാവും പിന്നിട്ട് നാല് പതിറ്റാണ്ട് കർമ്മവൈഭവത്തോടെ പൂക്കാട് കലാലയത്തെ നയിച്ച് ഇ.ശ്രീധരൻ മാസ്റ്ററുടെ സ്മരണയിൽ തയ്യാറാക്കിയ സർഗ്ഗവനി നഗരിയിലാണ് വാർഷികോത്സവം നടക്കുക . സംസ്ക്കാരിക സമ്മേളനം ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കെ മുരളീധരൻ എം പി ഉദ്ഘാടനം നിർവ്വഹിക്കും . പൂക്കാട് കലാലയം പ്രസിഡണ്ട് യു കെ രാഘവന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ മഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ കവി സത്യ ചന്ദ്രൻ പൊയിൽക്കാവ് , ചെയർമാൻ ഫാറൂൻ അൽസ്മാൻ എന്നിവർ സംബന്ധിക്കും.
പൂക്കാട് കലാലയം ജില്ലാതലത്തിൽ നടത്തിയ സാഹിത്യരചനാമത്സരത്തിലെ വിജയികൾക്ക് സമ്മാനദാനവും നടക്കും . സപ്തംബർ 11 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് വാദ്യകുല പതി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും . കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിക്കും. നാട്യാചാര്യൻ പി ജി ജനാർദ്ദനൻ വാടാനപ്പള്ളി ഏർപ്പെടുത്തിയ രാജരത്നം പിള്ള സ്മാരക എൻഡോവ്മെന്റ് കലാലയം നൃത്ത വിദ്യാർത്ഥിനി അനുവിന്ദ ജെ ആർന് സമ്മാനിക്കും. കലാലയം പൊതുസമിതി അംഗം ടി രാമന് കലാലയം വിശിഷ്ടാംഗത്വം നൽകി ആദരിക്കും. യുവ എഴുത്തുകാരി വിനീത മണാട്ട് , ചലച്ചിത്ര പിന്നണിഗായകൻ അജയ്ഗോപാൽ എന്നിവർ ആശംസ അർപ്പിക്കും .സപ്തംബർ 10 ന് രാത്രി 8.30 ന് വി കെ രവി രചനയും , എം നാരായണൻ സംവിധാനവും ചെയ്ത സാമൂഹ്യനാടകം പുത്രൻ ‘ അരങ്ങേറും . കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണത്തിൽ ചെണ്ടമേള അരങ്ങേറ്റം , ദേശീയ നൃത്തമാലിക സ്വാതന്തചിത്ര കേളീലയം ,ഗാന മേള ,മാർഗ്ഗംകളി , തിരുവാതിരക്കളി , പാശ്ചാത്യ നൃത്തമാലിക എന്നീകലാവിഭവങ്ങൾ വേദിയിലെത്തും . രാവിലെ 9 മണിമുതൽ രാത്രി 10 മണിവരെ ഇടതടവില്ലാതെ ഒരുക്കുന്ന ആവണിച്ചുവരങ്ങ് കലാതനിമകൾ സമ്മേളിക്കുന്ന ഒരുമയുടെ മഹോത്സവമായി പരിണമിക്കും.