കവളപ്പാറ ദുരന്തമുണ്ടായ മുത്തപ്പന്‍കുന്നിന്റെ മറുഭാഗത്ത് വിള്ളല്‍ ; 54 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി
മലപ്പുറം: കവളപ്പാറ ദുരന്തമുണ്ടായ മുത്തപ്പന്‍കുന്നിന്റെ മറുഭാഗത്ത് വിള്ളല്‍, തുടിമുട്ടി കോളനിക്കരടക്കം അമ്പത്തിനാല് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 2019ല്‍ അന്‍പത്തിയൊമ്പത് പേരുടെ ജീവന് കവര്‍ന്ന കവളപ്പാറ ഉരുള്‍പൊട്ടലുണ്ടായ മുത്തപ്പന്‍കുന്നിന്റെ മറുഭാഗമായ തുടിമുട്ടിയിലാണ് പുതിയ വിള്ളല്‍ രൂപപ്പെട്ടിട്ടുള്ളത്.
കൂറ്റന്‍ പാറയുടെ അടിഭാഗം നാല്പത് മീറ്ററോളം നിളത്തില് വിണ്ടുനില്‍ക്കുകയാണ്. വിള്ളല്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അംഗങ്ങളും വില്ലേജ് അധികൃതരും സ്ഥലം സന്ദര്‍ശിച്ച് വിവരം റവന്യൂ അധികൃതരെ അറിയിച്ചു.
ഇന്നലയും കനത്ത മഴ തുടര്‍ന്നതോടെ വിള്ളലിന്റെ വ്യാപ്തി വര്‍ധിച്ചുവരുന്നതായി കണ്ടെത്തി. ഇതേതുടര്‍ന്ന് സബ് കളക്ടര്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ സംഘവും നിലമ്പൂര്‍ എംഎല്‍എ യും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി അടിയന്തിര യോഗം ചേര്‍ന്ന ശേഷം വിവരം ജില്ലാ ഭരണകൂടത്തെയും ജിയോളജി വകുപ്പിനെയും അറിയിക്കുകയായിരുന്നു.
വിള്ളലിലൂടെ മഴവെള്ളം ഒലിച്ചിറങ്ങുന്നതാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നത്. അപകട സാധ്യത നിലില്‍ക്കുന്നതിനാല്‍ മലയുടെ താഴ്വാരത്തുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കുകയായിരുന്നു. പൂളപ്പാടം ജിഎല്‍പി സ്കൂള്‍ ദുരിതാശ്വസ ക്യാമ്പിനായി തെരഞ്ഞെടുത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എര്‍പ്പെടുത്തി. വൈകുന്നേരത്തോടെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തു. തുടിമുട്ടി പട്ടികവര്‍ഗ കോളനിക്കാരായ നാല്‍പ്പത്തിയെട്ട് കുടുംബങ്ങളും, ജനറല്‍ വിഭാഗത്തില്‍പെടുന്ന ആറ് കുടുംബങ്ങളുമാണ് ഭീഷണി നേരിടുന്നത്.
എണ്‍പതോളം കുടുംബങ്ങളാണ് തുടിമുട്ടി കുന്നിന്റെ ഈ ഭാഗത്ത് താമസിക്കുന്നത്. മലയിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മഴക്കാലത്ത് ഇവിടെയുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 2019ലെ കവളപ്പാറ ദുരന്തത്തിന് ശേഷം ജിയോളജി വിഭാഗം നിര്‍ദേശം നല്കിയിട്ടുള്ളതാണ്. ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രാത്രി വിശദമായ പരിശോധനകള്‍ നടത്തും.