പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി
കോവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി ആരോപിച്ചുള്ള പരാതിയിൽ നോട്ടീസ് അയച്ച ലോകായുക്ത നടപടി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ലോകായുക്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ കോബ്രഗഡെ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.
അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും ആരോപിച്ചുള്ള പരാതി പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരം ഉണ്ടെന്ന് ഡിവിഷൻ ബെഞ്ച് നേരത്തെ വിലയിരുത്തിയിരുന്നു. അന്വേഷണത്തെ എന്തിന് ഭയക്കുന്നുവെന്നും കോടതി ചോദിച്ചു. ”ജനങ്ങളുടെ നികുതി പണമാണ് വിനിയോഗിച്ചത്. പിപിഇ കിറ്റുകൾ വാങ്ങിയത് ഉയർന്ന നിരക്കിലാണെന്നാണ് പരാതി. ഇതിന്റെ നിജസ്ഥിതി ജനങ്ങൾ അറിയേണ്ടതുണ്ട്. അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നത്? ”- ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു.