കാഞ്ഞിലശ്ശേരിയിൽ ഉത്സവശേഷവും മത്തവിലാസ ചുവടുകൾ
ചേമഞ്ചേരി : ശിവരാത്രി മഹോത്സവത്തിന്റെ കൊടിയേറ്റപ്പിറ്റേന്ന് ആരംഭിച്ച മത്തവിലാസ ചുവടുകൾ കൂത്തമ്പലത്തിൽ തുടരുന്നു. 23 വരെ കൂത്തുണ്ടാവും. കലാമണ്ഡലം മാണി വാസുദേവ ചാക്യാരാണ് കൂത്ത് അവതരിപ്പിക്കുന്നത്. ഒരു കൂത്ത് മൂന്ന് ഭാഗങ്ങളായാണ് നടക്കുക. ഒന്നാം ദിവസം കാലത്ത് പുറപ്പാട്, രണ്ടാം ദിവസം നിർവ്വഹണം, മൂന്നാം ദിനം സായം സന്ധ്യയിൽ കപാലി . കപാലി കഴിഞ്ഞാൽ വാരസദ്യയുമുണ്ടാവും. ഈവർഷം ഇരുപത്തിമൂന്ന് മത്തവിലാസം കൂത്താണ് ഉള്ളത്. ഈ വിശേഷ വഴിപാട് കാഞ്ഞിലശ്ശേരിയെ കൂടാതെ മലബാറിൽ കൊട്ടിയൂർ മഹാശിവക്ഷേത്രം , കരിവള്ളൂർ എന്നിവിടങ്ങളിലാണ് നടക്കുന്നത്. നങ്ങ്യാരമ്മയാണ് സംസ്കൃത കീർത്തനങ്ങൾ ചൊല്ലുക. നമ്പ്യാർ മിഴാവിലും മാരാർ ശംഖിലും അകമ്പടി വാദ്യമൊരുക്കും. സന്താന സൗഭാഗ്യം, ഉദ്ദിഷ്ട കാര്യസിദ്ധി എന്നിവയ്ക്കായുള്ള കൂത്ത് വഴിപാടിനായി ജില്ലയുടെ വിവിധ ഭാഗങളിൽ നിന്നും ഭക്തർ എത്തുന്നു. 2023 ലേക്കാണ് ഇപ്പോൾ ബുക്കിംഗ് സ്വീകരിക്കുന്നത്.