കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാനുള്ള അനുമതി ഒരു വര്‍ഷം കൂടി നീട്ടി വനം വകുപ്പ് ഉത്തരവിട്ടു
മനുഷ്യജീവന് ഭീഷണിയായി നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാനുള്ള അനുമതി ഒരു വര്‍ഷം കൂടി നീട്ടി വനം വകുപ്പ് ഉത്തരവിട്ടു. തോക്കിന്റെ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് അനുമതി. കഴിഞ്ഞ വര്‍ഷത്തെ ഉത്തരവിന്റെ സമയപരിധി 17 ന് അവസാനിക്കാനിരിക്കെയാണ് നടപടി.
2020 മെയ് 18 നായിരുന്നു കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാന്‍ 6 മാസത്തേക്ക് അനുമതി നല്‍കിയത്. പിന്നീട് ആറ് മാസത്തേക്കും തുടര്‍ന്ന് ഒരു വര്‍ഷത്തേക്കും കൂടി നീട്ടുകയായിരുന്നു.
ഒരു വര്‍ഷം തികയുന്ന മുറയ്ക്ക് നശിപ്പിച്ച കാട്ടുപന്നികളുടെ എണ്ണവും മറ്റും വിശദീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ നിര്‍ദേശിച്ചിരുന്നു.
ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ അനുമതി നല്‍കണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് തള്ളുകയായിരുന്നു. കാട്ടു പന്നിയെ ക്ഷൂദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നാമായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ നിയന്ത്രണമില്ലാതെ പന്നികളെ വെടിവച്ച് കൊല്ലാന്‍ അനുമതി നല്‍കിയാല്‍ ഗുണക്കേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന ആശങ്കയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. കാട്ടുപന്നികളുടെ ശല്യം സംസ്ഥാനത്ത് അടുത്ത കാലത്തായി രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ ഇടപെടല്‍ ആരംഭിച്ചത്. എന്നാല്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ മൂന്നാം പട്ടികയില്‍ ഉള്‍പ്പെടുന്ന പന്നിയെ കൊല്ലുന്നത് ശിക്ഷാര്‍ഹവുമാണ്. ഈ സാഹചര്യത്തിലാണ് നിയമത്തിന്റെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തി പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേരളം മുന്നോട്ട് വയ്ക്കുന്നു.