കാപ്പാട് ഗവ. മാപ്പിള യു.പി. സ്കൂൾ സ്ഥല പരിമിതി മൂലം പൊറുതി മുട്ടുന്നു
ചേമഞ്ചേരി : തീരദേശമേഖലയിലെ വിദ്യാർഥികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കാപ്പാട് ഗവ.മാപ്പിള യു.പി. സ്കൂൾ സ്ഥലപരിമിതി മൂലം പൊറുതി മുട്ടുന്നു. ആകെയുള്ള 12 സെന്റ് സ്ഥലത്ത് രണ്ട് നിലയിൽ സ്കൂൾ കെട്ടിടം നിർമിച്ചതോടെ മറ്റൊന്നിനും ഇവിടെ സൗകര്യമില്ലാതായിരിക്കുന്നു. മൊത്തം 12 ക്ലാസുകൾ ഉണ്ടെങ്കിലും, അത് പ്രവർത്തിക്കാൻ കെട്ടിട സൗകര്യമില്ലാത്തതിനാൽ 10 ക്ലാസുമുറികളിൽ പഠനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ 325 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഇംഗ്ലീഷ്, മലയാളം മീഡിയം ഉണ്ടെങ്കിലും സ്ഥലസൗകര്യമില്ലാത്തതിനാൽ ഇപ്പോൾ ഒന്നിച്ചാണ് പഠനം. അഞ്ചുവർഷം മുമ്പുവരെ 150 കുട്ടികളായിരുന്നു ഉണ്ടായിരുന്നതെങ്കിലും പഠനനിലവാരം മെച്ചപ്പെട്ടതോടെ കൂടുതൽ കുട്ടികൾ ഈ സ്കൂൾ തേടിയെത്തുകയായിരുന്നു.
120 വർഷത്തെ പാരമ്പര്യമുള്ള ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ ഏറ്റവുംകൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണിത്. സാധാരണക്കാരായ തീരദേശവാസികളുടെ മക്കളാണ് ഇവിടെ പഠിക്കുന്നവരിൽ ഏറെയും . പി.ടി.എ.യുടെയും നാട്ടുകാരുടെയും പരിശ്രമഫലമായി വാങ്ങിയ 12 സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന പത്തു ക്ലാസ്മുറികളുള്ള രണ്ടുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സാധാരണ ഒരു ക്ലാസിൽ 36 കുട്ടികളുള്ള സ്ഥാനത്ത് ഇവിടെ 55 കുട്ടികളുണ്ട്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ക്ലാസ്മുറികൾ ഇല്ലാത്തത് കൊണ്ട് പുതിയ തസ്തികകൾ അനുവദിക്കുന്നതിനും തടസ്സമാണ്. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ പുതിയ കെട്ടിടം നിർമിക്കാനും പ്രയാസമാണ്.