കാപ്പാട് തീരദേശ റോഡിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുള്ള രൂപരേഖ തയാറായതായും പ്രവർത്തി ഉടൻ ആരംഭിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ
കാപ്പാട് തീരദേശ റോഡിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുള്ള രൂപരേഖ തയാറായതായും പ്രവർത്തി ഉടൻ ആരംഭിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. കാപ്പാട് തകർന്ന തീരദേശ റോഡ് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാനത്തിൽ ജമീല എംഎൽഎയും ഒപ്പമുണ്ടായിരുന്നു. സംസ്ഥാനത്തെ തീരദേശത്തെ 10 ഹോട്ട് സ്പോട്ടുകളിലൊന്നാണ് കാപ്പാട്.
താൽക്കാലികമായി റോഡ് നിർമിച്ചാൽ അത് കടലെടുക്കുന്നതു കൊണ്ടാണ് കേന്ദ്ര ഏജൻസിയായ നാഷനൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ നേതൃത്വത്തിൽ ഈ മേഖലയിൽ പഠനം നടത്തിയത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എൻജിനീയറിങ് വിഭാഗം ഡിപിആർ തയാറാക്കുകയും അംഗീകാരത്തിനായി സർക്കാരിലേക്ക് അയയ്ക്കുകയും ചെയ്യും. ബന്ധപ്പെട്ട വകുപ്പ് ഉത്തരവു നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ചെങ്ങോട്ടുകാവ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബേബി സുന്ദർരാജ് എന്നിവർ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സ്ഥലത്തെത്തിയിരുന്നു.