കായണ്ണയിലെ വിവാഹസത്കാരത്തിലെ ഭക്ഷ്യവിഷബാധ: ചികിത്സതേടിയവരുടെ എണ്ണം 100 കടന്നു
കായണ്ണബസാർ : കായണ്ണയിൽ വധൂഗൃഹത്തിലെ വിവാഹസത്കാരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് രണ്ടു ദിവസങ്ങളിലായി ചികിത്സതേടിയവരുടെ എണ്ണം 100 കടന്നു. വധുവിന്റെ വീട്ടിലൊരുക്കിയ ആഹാരം കഴിച്ച കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് കടുത്ത പനിയും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. പ്രദേശത്തെ 82 പേർ കായണ്ണ കുടുംബാരോഗ്യകേന്ദ്രത്തിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ചികിത്സതേടി. ഇരുപതിലധികംപേർ ബുധനാഴ്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും നൊച്ചാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലും ചികിത്സതേടിയതോടെ ഭക്ഷ്യവിഷബാധിതരുടെ എണ്ണം നൂറുകടന്നു. രണ്ടു കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മേയ് മാസം കായണ്ണ പ്രദേശങ്ങളിൽ ഒട്ടേറെ വിവാഹസത്കാരവും ഗൃഹപ്രവേശപാർട്ടികളും നടക്കാനിരിക്കെ ആരോഗ്യവകുപ്പ് അധികൃതർ കടുത്ത ജാഗ്രതയിലാണ്. ഭക്ഷണസത്കാരം നടത്തുന്ന വീട്ടുകാർ നിർബന്ധമായും അതിഥികൾക്ക് നൽകുന്ന ഭക്ഷണസാംപിളുകൾ ഫ്രീസറിൽ സൂക്ഷിച്ചുവെക്കണമെന്നും പാനീയങ്ങൾ കുടിക്കാൻ യോഗ്യമാണെന്ന് പരിശോധിക്കണമെന്നുമുള്ള നിർദേശങ്ങൾ നൽകി.