കായിക ചരിത്രത്തിലെ വേറിട്ട പോരാട്ടങ്ങളെ ഓർമിപ്പിക്കാൻ ഫോട്ടോ വണ്ടി പര്യടനം സഹായകമാകും – മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കേരളത്തിന്റെ കായിക ചരിത്രത്തിലെ വേറിട്ട പോരാട്ടങ്ങളെ ഓർമിപ്പിക്കാൻ ഫോട്ടോ വണ്ടി പര്യടനം സഹായകമാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. കായിക മേളയുടെ വിളംബരം, കായിക ചരിത്ര അവബോധം എന്നിവയും ഫോട്ടോ വണ്ടിയുടെ യാത്രയിലുടെ സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. കായിക കേരളത്തിന്റെ അപൂർവ ചിത്രങ്ങളുടെ പ്രദർശനം ഉൾപ്പെടുത്തിയ ഫോട്ടോ വണ്ടി പര്യടനം ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒളിമ്പ്യൻ പി.ടി. ഉഷയുടെ ജന്മനാടായ പയ്യോളിയിൽനിന്നാണ് പര്യടനം ആരംഭിച്ചത്. കേരള ഒളിമ്പിക് അസോസിയേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിനോടനുബന്ധിച്ചാണ് ഫോട്ടോ വണ്ടി പര്യടനം നടത്തുന്നത്.
കേരളത്തിന്റെ കായിക കുലപതി ജി.വി. രാജ, ഒളിമ്പ്യൻ പി.ടി ഉഷ ഉൾപ്പെടെ സംസ്ഥാനത്തിന്റെ കായിക ഭൂപടത്തിൽ ഒഴിച്ചു നിർത്താൻ കഴിയാത്ത നിരവധി താരങ്ങളുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കായികതാരങ്ങളുടെയും കായികയിനങ്ങളുടെയും മികവുറ്റ ചിത്രങ്ങൾ പകർത്തിയ പത്രഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.
ജില്ലയിൽ പയ്യോളിയിലെയും വടകരയിലെയും പര്യടനത്തിന് ശേഷം വണ്ടി കണ്ണൂരിലേക്ക് പോകും. 13 ദിവസങ്ങളിലായി കേരളത്തിലെ 14 ജില്ലകളിലൂടെ കടന്നുപോകുന്ന ഫോട്ടോ വണ്ടിയുടെ പര്യടനം ഏപ്രിൽ 28ന് തിരുവനന്തപുരത്ത് സമാപിക്കും.
കേരള മീഡിയ അക്കാദമി, കേരള പത്രപ്രവർത്തക യൂണിയൻ, കേരള ഒളിമ്പിക് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനപര്യടനം സംഘടിപ്പിക്കുന്നത്. ഏപ്രിൽ 30ന് തിരുവനന്തപുരം എൻജിനീയേഴ്സ് ഹാളിൽ അന്താരാഷ്ട്ര ഫോട്ടോ എക്സിബിഷന് തുടക്കമാകും. മെയ് ഒന്നുമുതൽ പത്ത് വരെ തലസ്ഥാനത്തെ പ്രമുഖ വേദികളിലായി പതിനായിരത്തോളം കായിക താരങ്ങൾ പങ്കെടുക്കുന്ന 24 ഇന മത്സരങ്ങളാണ് നടക്കുന്നത്. ആദ്യമായാണ് അന്താരാഷ്ട്ര ഒളിമ്പിക്‌സിന്റെ മാതൃകയിൽ ഒരു കായിക മേള നടക്കുന്നത്.
കോഴിക്കോട് പ്രസ് ക്ലബ് സെക്രട്ടറി ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. ഒളിമ്പ്യൻ പി.ടി ഉഷ, കാനത്തിൽ ജമീല എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ.ടി ജോസഫ് വിശിഷ്ടാതിഥികളെ ആദരിച്ചു. കായികതാരം കിഷോർ കുമാർ, കേരള പത്രപ്രവർത്തക യുണിയൻ മുൻപ്രസിഡന്റ് കമാൽ വരദൂർ, പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്, നഗരസഭാംഗം കെ.ടി വിനോദ് എന്നിവർ പങ്കെടുത്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. റോയ് ജോൺ സ്വാഗതവും സെക്രട്ടറി സി സത്യൻ നന്ദിയും പറഞ്ഞു.