KERALA
‘കാരുണ്യ’ പദ്ധതി നിര്‍ത്തലാക്കിയതോടെ ദുരിതത്തിലാവുന്നത് നിരവധി രോഗികള്‍
കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയതോടെ കീമോ തെറാപ്പിയും റേഡിയേഷനും ഉള്‍പ്പടെയുള്ള അടിയന്തര ചികില്‍സകൾ പോലും നടത്താനാകാത്ത സ്ഥിതിയിലാണ് പല അർബുദ രോഗികളും
കൊല്ലം: കാരുണ്യ സൗജന്യ ചികിത്സ പദ്ധതി നിര്‍ത്തിയതോടെ ഗുരുതരരോഗമുള്ളവരില്‍ പലരും ദുരിതത്തിലായിരിക്കുകയാണ്. പലരുടെയും ചികിത്സ നിലച്ച അവസ്ഥയാണ്. കാരുണ്യ ബെനവലന്‍റ് ഫണ്ട് നിർത്തലാക്കിയ ശേഷം തുടങ്ങിയ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിപ്രകാരം സൗജന്യ ചികിത്സ ലഭിക്കുക കിടത്തി ചികിൽസക്ക് മാത്രമാണ് എന്നതാണ് ഇവരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയതോടെ കീമോ തെറാപ്പിയും റേഡിയേഷനും ഉള്‍പ്പടെയുള്ള അടിയന്തര ചികില്‍സകൾ പോലും നടത്താനാകാത്ത സ്ഥിതിയിലാണ് പല അർബുദ രോഗികളും. ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ഒരുവഴിയുമില്ലാതെ വിഷമിക്കുന്ന മലപ്പുറം സ്വദേശി രാജന്‍ അവരിലൊരാളാണ്. ലോട്ടറി വിറ്റായിരുന്നു രാജന്‍റെ ജീവിതം. തൊണ്ടയിലെ അര്‍ബുദമാണ് രാജന്‍റെ ജീവിതത്തില്‍ വില്ലനായത്. കാരുണ്യ വഴി ചികില്‍സ തേടാമെന്നുറപ്പിച്ചാണ് ആർ സി സിയിലെത്തിയത്. എന്നാല്‍ കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയതോടെ എല്ലാം തകിടം മറിയുകയായിരുന്നു.
നെയ്യാറ്റിൻകര സ്വദേശിയായ 34കാരൻ സതീഷിന്‍റെ സ്ഥിതിയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയതോടെ പാന്‍ക്രിയാസ് ക്യാൻസറിന്‍റെ തുടര്‍ചികില്‍സകള്‍ മുടങ്ങി. നാട്ടുകാരില്‍ ചിലരുടെ സഹായത്തോടെ മരുന്നുകൾ വാങ്ങാനായെങ്കിലും എത്രനാള്‍ ഇങ്ങനെ തുടരാനാകുമെന്ന് സതീഷിന് നിശ്ചയമില്ല. രണ്ട് പെണ്‍മക്കൾ അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായ രഘുനാഥന്‍റെ അവസ്ഥയും ഇതുതന്നെയാണ്. ശ്വാസകോശാര്‍ബുദമാണ് രഘുനാഥന്.
കാരുണ്യ ലോട്ടറി വിറ്റു കിട്ടുന്ന തുകയില്‍ നിന്ന് നൽകുന്ന ധനസഹായം സര്‍ക്കാരിന് അധിക ബാധ്യതകളില്ലാതെ തന്നെ ഒരുപാട് പേരെ ജീവിതത്തിലേക്ക് തിരികെ നടത്തിയിട്ടുണ്ട്. എന്നാല്‍ കിടത്തി ചികില്‍സക്കുമാത്രമായി പുതിയ ഇൻഷുറൻസ് പദ്ധതി ചുരുങ്ങിയതോടെ അർഹിക്കുന്ന നിരവധി രോഗികള്‍ക്കാണ് ചികില്‍സ നിഷേധിക്കപ്പെടുന്നത്.
Comments