കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി മുഖഛായ മാറ്റുമെന്ന് വി കെ സി മമ്മദ് കോയ എം എൽ എ. ബേപ്പൂർ ഹാർബറിൽ എത്തിയ അത്യാധുനിക സൗകര്യമുള്ള ‘കാരുണ്യ’ മറൈൻ ആംബുലൻസിന് സ്വീകരണം നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിവേഗ രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന സംവിധാനം മത്സ്യതൊഴിലാളികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ദുരന്തമുഖത്ത് വെച്ചു തന്നെ പ്രാഥമിക ചികിത്സ ലഭ്യമാക്കി അതിവേഗം കരയിലെത്തിച്ചു ജീവൻ രക്ഷിക്കുന്നതിനുതകുന്ന മറൈൻ ആംബുലൻസ് സജ്ജമാക്കാൻ സർക്കാർ തീരുമാനിച്ചത്. 24 മണിക്കൂർ രക്ഷാപ്രവർത്തനത്തിനായി അത്യാധുനിക മറൈൻ ആംബുലൻസ് സൗകര്യമാണ് ബേപ്പൂർ ഫിഷിങ് ഹാർബറിൽ ഒരുക്കിയത്.
ആദ്യഘട്ടത്തിൽ മൂന്ന് മറൈൻ ആംബുലൻസുകൾ നിർമ്മിക്കുന്നതിനാണ് കൊച്ചിൻ ഷിപ്പിയാർഡുമായി കരാറിലേർപ്പെട്ടത്. ഒരു ബോട്ടിന് 6.08 കോടി രൂപ നിരക്കിൽ 18.24 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം അടങ്കൽ തുക. 23 മീറ്റർ നീളവും 5.5 മീറ്റർ വീതിയും മൂന്ന് മീറ്റർ ആഴവുമുള്ള മറൈൻ ആംബുലൻസുകൾക്ക് അപകടത്തിൽ പെടുന്ന 10 പേരെ ഒരേ സമയം സുരക്ഷിതമായി കിടത്തി കരയിൽ എത്തിക്കാൻ സാധിക്കും. 700 എച്ച്പി വീതമുള്ള രണ്ട് സ്കാനിയ എൻജിനുകൾ ഘടിപ്പിച്ചിട്ടുള്ള ആംബുലൻസുകൾക്ക് പരമാവധി 14 നോട്ടിക്കൽ മൈൽ സ്പീഡ് ലഭ്യമാകും.
ഐ ആർഎസ് മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് ബോട്ടുകൾ രൂപകൽപന ചെയ്തിട്ടുള്ളത്. പ്രാഥമിക ചികിത്സ ലഭ്യമാക്കാൻ കഴിയുന്ന മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ഒരുക്കിയിട്ടുള്ള ആംബുലൻസിൽ 24 മണിക്കൂറും പാരാമെഡിക്കൽ സ്റ്റാഫ് സേവനം ഉണ്ടായിരിക്കുന്നതാണ്. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനാണ് ആംബുലൻസുകൾക്ക് പ്രവർത്തിപ്പിക്കുന്നതിനുള്ള സാങ്കേതിക ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നത്.
കൗൺസിലർ എം ഗിരിജ ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ സാംബശിവറാവു, ഫിഷറീസ് ജോയിൻറ് ഡയറക്ടർ (ഉത്തരമേഖല) പി അനിൽകുമാർ, ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൃഷ്ണകുമാരി, കോർപ്പറേഷൻ വാർഡ് കൗൺസിലർ തോട്ടുങ്ങൽ രജനി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി കെ സുധീർ കിഷൻ, കെ പി ചെറിയ ഹുസൈൻ, കെ വിശ്വനാഥൻ, കരിച്ചാലി പ്രേമൻ, ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ (ഫിഷറീസ് സ്റ്റേഷൻ) ലബീബ് തുടങ്ങിയവർ പങ്കെടുത്തു.
Post Views: 44