കാറിന്‍റെ രഹസ്യ അറയില്‍ 1.45 കോടി കള്ളപ്പണം മൂന്നുപേര്‍ പിടിയിൽ
കാറിന്‍റെ രഹസ്യ അറയില്‍ 1.45 കോടി കള്ളപ്പണം സൂക്ഷിച്ച മൂന്നുപേര്‍ പിടിയിൽ. കാറിന്‍റെ സ്റ്റിയറിംഗ് വീലിന് താഴെയുള്ള ഡാഷ് ബോര്‍ഡിന് അടിവശത്തായി പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിലാണ് കള്ളപ്പണം സൂക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തല്‍മണ്ണ തൂതയില്‍ മൂന്നുപേര്‍ പിടിയില്‍. കാര്‍ ഡ്രൈവര്‍ മഹാരാഷ്ട്ര സാംഗ്ലി പോസ്വാഡി സ്വദേശി ഗണേശ് ജ്യോതിറാം യാദവ് (26), ഖാനാപ്പൂര്‍ സ്വദേശി വികാസ് ബന്ദോപന്ത് യാദവ് (24), തസ്ഗൗണ്‍ വെയ്ഫാലെ സ്വദേശി പ്രദീപ് നല്‍വാഡെ (39) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തൂതയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ചെര്‍പ്പുളശ്ശേരി ഭാഗത്ത് നിന്നെത്തിയ കാര്‍ തടഞ്ഞ് പരിശോധന നടത്തിയത്.
കാറിന്‍റെ സ്റ്റിയറിംഗ് വീലിന് താഴെയുള്ള ഡാഷ് ബോര്‍ഡിന് അടിവശത്തായി പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയില്‍ 500 രൂപയുടെ കെട്ടുകളാക്കി പേപ്പറില്‍ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. പണം കോയമ്പത്തൂരില്‍ നിന്ന് എത്തിച്ചതാണെന്ന് പ്രതികള്‍ മൊഴി നല്‍കി.
കാറിന്‍റെ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യ അറ നിര്‍മ്മിച്ചാണ് പണം സൂക്ഷിച്ചിരുന്നത്. പുറമെ നിന്ന് നോക്കിയാല്‍ സ്റ്റീരിയോ ഘടിപ്പിച്ചതായാണ് തോന്നുക. സംശയം തോന്നി പോലീസ് ഇളക്കി നോക്കുകയായിരുന്നു. അകത്തേക്ക് വലിയ അറയാണ് നിര്‍മ്മിച്ചിരുന്നത്. കുഴല്‍പ്പണ കടത്തുകാര്‍ക്കായി പ്രത്യേക രഹസ്യ അറ നിര്‍മ്മിച്ചു നല്‍കുന്ന സംഘങ്ങളുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. 500രൂപയുടെ നോട്ടുകളാണ് കാറിലുണ്ടായിരുന്നത്.