കാലാതീതമായ പ്രവചനം പോലെ, ജ്യോതിഷിന്റെ ചിത്ര പ്രദർശനത്തിൽ തിളങ്ങുന്ന വടിവാളും പുഴുവരിച്ച കബന്ധവും. ചിത്രം ശ്രദ്ധേയമാകുന്നു.
കൊയിലാണ്ടി: ഇല പൊഴിയുന്ന കാലം മണ്ണടരുകളിൽ ജീർണ്ണിച്ച്, കരിയിലകൾ മൂടി ചതുപ്പായി കിടക്കുന്നു. അറുത്തുമാറ്റപ്പെട്ട ഒരു തല ജീർണ്ണിച്ച്, തലയോട്ടി മാത്രമായി പുഴുവരിക്കുന്നു. അപ്പോഴും വായ്ത്തല തേഞ്ഞുപോകാതെ അടുത്ത ഇരയെ പ്രതീക്ഷിച്ച് തിളങ്ങി നിൽക്കുന്ന വടിവാൾ. ഓരോ മനുഷ്യന്റെയും മുന്നിൽ ചോദ്യചിഹ്നമായി അത് ഉയർന്നു നിൽക്കുന്നു.
ആധുനിക മനുഷ്യനിൽ അന്തർലീനമാണോ ഹിംസയും അപര വിദ്വേഷവുമെന്ന ചോദ്യം സ്വന്തം രചനയിലൂടെ ഉയർത്തുന്ന ടി എൻ ജ്യോതിഷിന്റെ ചിത്രം, ഒരു സാധാരണ ചിത്രമായി മാത്രമേ ശ്രദ്ധ ആർട് ഗ്യാലറിയിലെ പ്രദർശനത്തിൽ എല്ലാവരും കണ്ടിരുന്നുള്ളൂ. എന്നാൽ പാലക്കാട്ട് ആദ്യമൊരു എസ് ഡി പി ക്കാരൻ വിഷുദിനത്തിലും മറുകൊലയായി 24 മണികൂറിനകം ഒരു ആർ എസ്സ് എസ്സ് കാരൻ പിറ്റേന്നും, കൊലചെയ്യപ്പെട്ടതോടെ ജ്യോതിഷിന്റെ ചിത്രം ശ്രദ്ധേയമാവുകയാണ്. ധാരാളം പേർ ഈ ചിത്രം കാണാനെത്തുന്നു. സ്വന്തം ക്യാമറയിൽ പകർത്തി വെക്കുന്നു. മറ്റ് ചിത്രങ്ങളേപ്പോലെ തന്നെ കറുപ്പും വെളുപ്പും നിറങ്ങളിൽ നിഴലും വെളിച്ചവുമായി തന്നെയാണ് ജ്യോതിഷ് ഈ ചിത്രരചനയും നിർവഹിച്ചത്. ചുറ്റുപാടും നിരന്തരമെന്നോണം അരങ്ങേറുന്ന ഹിംസയും സ്വന്തം സഹജീവികളോടുള്ള അസഹിഷ്ണുതയും കാണുമ്പോൾ തന്റെ മാധ്യമമായ ചിത്രകലയിലൂടെ പ്രതികരിക്കാം എന്ന് കരുതി വർച്ചതാണീ ചിത്രമെന്നും അത് ഇത്രയേറെ ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും ജ്യോതിഷ് പറയുന്നു. വലിയ ചിത്രകലാ പാരമ്പര്യമോ ചിത്ര പഠനമോ ഒന്നും നടത്തിയിട്ടില്ലാത്ത ഒരു സാധാരണ ബെയ്ക്കറി തൊഴിലാളിയാണ് ജ്യോതിഷ്. 26 വരെ ശ്രദ്ധ ആർട് ഗ്യാലറിയിൽ ജ്യോതിഷിന്റെ പ്രദർശനം തുടരും