DISTRICT NEWS

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

വിദ്യാര്‍ഥികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ ഇന്‍ഡസ്ട്രിയല്‍ ലിങ്കേജ് പദ്ധതിയുമായി കാലിക്കറ്റ്

വ്യവസായ സ്ഥാപനങ്ങളുമായി സഹകരണത്തിനുള്ള (ഇന്‍ഡസ്ട്രിയല്‍ ലിങ്കേജ്) പദ്ധതിയുടെ കരട് രൂപത്തിന് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കി. പഠിച്ചിറങ്ങുന്നവര്‍ക്ക് മികച്ച തൊഴിലസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അക്കാദമിക് സഹകരണമാണ് ലക്ഷ്യം. സര്‍വകലാശാലയുടെ കണ്‍സള്‍ട്ടന്‍സി നയവും അംഗീകരിച്ചു. സര്‍വകലാശാലാ അധ്യാപകരെ കണ്‍സള്‍ട്ടന്റായി ലഭിക്കാന്‍ വിവിധ ഏജന്‍സികള്‍ സമീപിക്കുന്നുണ്ട്. കണ്‍സള്‍ട്ടന്‍സി വിഹിതത്തില്‍ 70 ശതമാനം അധ്യാപകര്‍ക്കും 30 ശതമാനം സര്‍വകലാശാലക്കുമായിരിക്കും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.

പ്രധാന തീരുമാനങ്ങള്‍

ഹോമി ഭാഭ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രം അംഗീകരിച്ചു.

സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ ആന്‍ഡ് ഫിസിക്കല്‍ സയന്‍സിന് കീഴില്‍ സെന്റര്‍ ഫോര്‍ ഫോട്ടോണിക്‌സ് തുടങ്ങും.

ഇ.എം.എം.ആര്‍.സിക്ക് കീഴില്‍ മള്‍ട്ടിമീഡിയ പരിശീലന കോഴ്സുകള്‍ തുടങ്ങും.

അച്യുതമേനോന്‍ ഫൗണ്ടേഷന്റെ അപേക്ഷ പ്രകാരം ചെയര്‍ തുടങ്ങുന്നതിനുള്ള അപേക്ഷ നിയമാനുസൃതമായി പരിഗണിക്കും. സി. അച്യുതമേനോന്‍ ചെയര്‍ ഫോര്‍ സയിന്റിഫിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ഹ്യൂമാനിറ്റീസ് ആന്‍ഡ് അലൈഡ് സബ്ജക്ട് എന്ന പേരില്‍ ചെയര്‍ തുടങ്ങാനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

രണ്ടാം സെമസ്റ്റര്‍ ബിരുദത്തിന്റെ ജേണലിസം കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കാതിരുന്ന അധ്യാപകരില്‍ നിന്നും ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാരില്‍ നിന്നും വാദം കേള്‍ക്കും.

16-ന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദ മൂല്യനിര്‍ണയ ക്യാമ്പില്‍ അധ്യാപകരെ പങ്കെടുപ്പിക്കാത്ത കോളേജുകളുടെ അഫിലിയേഷന്‍ പുതുക്കി നല്‍കില്ല.

വിദേശ പൗരത്വം സംബന്ധിച്ച പരാതിയില്‍ ലൈഫ് സയന്‍സ് പഠനവിഭാഗം അധ്യാപകന്‍ ഡോ. ജി. രാധാകൃഷ്ണ പിള്ളയെ സര്‍വീസില്‍ നിന്നു നീക്കം ചെയ്യാനുള്ള സിന്‍ഡിക്കേറ്റ് സമിതി ശുപാര്‍ശ അംഗീകരിച്ചു.

ദ്വീപ് ഭരണകൂടം ഇടക്ക് വെച്ച് കോഴ്സുകള്‍ നിര്‍ത്തിലാക്കിയതു വഴി ദുരിതത്തിലായ ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടത്തുന്നതിനായി ലക്ഷദ്വീപ് മോണിറ്ററിങ് സമിതിയും പരീക്ഷാ സ്ഥിരസമിതിയും ചേര്‍ന്ന് ദ്വീപ് ഭരണകൂടവുമായി ചര്‍ച്ച നടത്തും. പി.ആര്‍. 619/2022

സൗജന്യ ഫാബ്രിക് പെയ്ന്റിംഗ് പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ഫാബ്രിക് പെയ്ന്റിംഗിലും ഗ്ലാസ് പെയ്ന്റിംഗിലും സൗജന്യ പരിശീലനം നല്‍കുന്നു. മെയ് 20-ന് തുടങ്ങുന്ന പരിശീലനത്തിന് പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. 10 ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പരിശീലനത്തിന് ആവശ്യമായ സാധനസാമഗ്രികളുടെ ചിലവ് അപേക്ഷകര്‍ സ്വയം വഹിക്കണം. ഫോണ്‍ – 9846149276, 8547684683. പി.ആര്‍. 620/2022

പരീക്ഷ മാറ്റി

മെയ് 18-ന് തുടങ്ങാനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും. പി.ആര്‍. 621/2022

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 3 വരെയും 170 രൂപ പിഴയോടെ 8 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ യു.ജി. 2014 പ്രവേശനം ഏപ്രില്‍ 2020, 2015 പ്രവേശനം ഏപ്രില്‍ 2021, 2016 മുതല്‍ 2018 വരെ പ്രവേശനം ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 30 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പി.ആര്‍. 622/2022

കോവിഡ് പ്രത്യേക പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷ ജൂലൈ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കൊപ്പം 20-ന് തുടങ്ങും. പി.ആര്‍. 623/2022

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഫിലോസഫി, മള്‍ട്ടിമീഡിയ, എക്കണോമിക്‌സ്, സോഷ്യോളജി, അറബിക്, എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമറ്റിക്‌സ്, ജനറല്‍ ബയോടെക്‌നോളജി, എം.എസ്.ഡബ്ല്യു. ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം. പി.ആര്‍. 624/2022

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എം.ബി.എ., എം.ബി.എ. ഇന്റര്‍ നാഷണല്‍ ഫിനാന്‍സ്, എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളില്‍ 18-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 625/2022

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button