വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒന്നിച്ചു ശ്രമിക്കണം- എം.കെ. രാഘവൻ എം.പി

വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രസ്ഥാനങ്ങൾ ഒന്നിച്ച് ശ്രമിക്കണമെന്ന് എം.കെ. രാഘവൻ എം.പി. രാമനാട്ടുകര നഗരസഭയുടെ 2022-23 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഷിക പദ്ധതി രൂപീകരണത്തിൽ വിദ്യാഭ്യാസം മാലിന്യസംസ്കരണം, കുടിവെള്ളം, ഡ്രെയിനേജ് സിസ്റ്റം തുടങ്ങിയവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം.

ആരോഗ്യ- വിദ്യാഭ്യാസ രംഗം, കാർഷിക മേഖല, മാലിന്യ സംസ്കരണം, പശ്ചാത്തല സൗകര്യം, തൊഴിൽ സുരക്ഷ, ജൈവ കൃഷി തുടങ്ങിയ മേഖലകളിലും ശ്രദ്ധ ചെലുത്തണം. നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വ്യത്യസ്ത ഭാഷകളിൽ പ്രാവീണ്യം നൽകുന്നതിനായി പ്രത്യേക കോച്ചിംഗ് നൽകണം. ക്യാൻസർ പോലെയുള്ള രോഗങ്ങൾ തടയുന്നതിനായി നഗരസഭയിലെ ജനങ്ങൾക്കിടയിൽ  ജൈവ കാർഷിക സമ്പ്രദായം വളർത്തുന്നതിനു സഹായിക്കുന്ന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടതുണ്ട്. ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു മാലിന്യസംസ്കരണത്തിൽ വേറിട്ടുനിൽക്കുന്ന നഗരങ്ങളിലെ സംസ്കരണ രീതിയെക്കുറിച്ച് പഠിക്കുകയും അത്തരത്തിലൊരു മാലിന്യസംസ്കരണരീതി നഗരസഭയിൽ നടപ്പിലാക്കണമെന്നും എം.പി പറഞ്ഞു.

Comments

COMMENTS

error: Content is protected !!