KOYILANDILOCAL NEWS

കാളിയാട്ട മഹോത്സവം 2023; ക്ഷേത്രപരിസരത്തെ ഭക്ഷണസ്റ്റാളുകള്‍ക്കും ഭക്ഷണവില്പന നടത്തുന്നവർക്കും നഗരസഭയുടെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും താൽക്കാലിക രജിസ്ട്രേഷൻ നിർബന്ധമാക്കി

കൊയിലാണ്ടി : കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ഭക്ഷണസ്റ്റാളുകൾക്കും മറ്റു ഭക്ഷ്യവസ്തുക്കൾ  വില്പന നടത്തുന്നവർക്കും നഗരസഭയുടെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും താൽക്കാലിക രജിസ്ട്രേഷൻ നിർബന്ധമാക്കി. കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കൊയിലാണ്ടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ തഹസിൽദാർ സി പി മണി വിളിച്ച് ചേർത്ത വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിലാണ് തീരുമാനം.

ആരോഗ്യത്തിന് ഹാനികരമായതും അനുമതിയില്ലാത്ത വസ്തുക്കളുടെ വില്പന തടയുന്നതിനും ഭക്ഷ്യവിഷബാധ തടയുന്നതിനും പരിശോധന നടത്തുന്നതിനും കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതിനും ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രപരിസരത്തെ കടകളില്‍ സംയുക്ത പരിശോധന നടത്താൻ തീരുമാനിക്കുകയും, ഉൽസവ ദിവസങ്ങളിൽ മദ്യം, മയക്കമരുന്ന് ഉപയോഗവും വില്പനയും തടയുന്നതിന് കർശന പരിശോധന നടത്തുന്നതിനു പോലീസ് എക്സൈസ് വകുപ്പുകൾക്കും  യോഗത്തിൽ നിർദേശം നൽകുകയും ചെയ്തു.
ഉത്സവ ദിവസങ്ങളിൽ ക്ഷേത്രചടങ്ങുകളുടെ ഭാഗമായി നടത്തേണ്ട കരിമരുന്ന് പ്രയോഗം അനുമതി വാങ്ങിയശേഷം പൂർണമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയ ശേഷം
നടത്തുന്നതിനും അന്നദാനം കൗണ്ടറുകളിൽ സർക്കാർ മാനദണ്ഡപ്രകാരമുള്ള മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നതിനും, എഴുന്നളളത്തിന് ആനകളെ  ഉപയോഗിക്കുമ്പോൾ ഫോറസ്റ്റ് വകുപ്പ് നൽകിയിട്ടുള്ള മാനദണ്ഡം കൃത്യമായി പാലിക്കുന്നതിനും ഉത്സവത്തിന് ശേഷം സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടെ ക്ഷേത്രപരിസരം ശുചീകരിക്കുന്നതിനും ക്ഷേത്ര കമ്മിറ്റിക്ക് യോഗത്തില്‍ നിർദ്ദേശം നൽകി.
യോഗത്തിൽ പിഷാരികാവ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ജഗദീഷ് പ്രസാദ്, എക്സൈസ് ഇൻസ്പെക്ടർ ബിനുഗോപാല്‍, സബ് ഇന്‍സ്പെക്ടര്‍ വിശ്വനാഥൻ എം എം, കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ, കൊയിലാണ്ടി എ എം വി ഐ അനൂപ് എസ് പി, ഫുഡ്സേഫ്റ്റി ഓഫീസർ ഡോ  വി  ജി വിൽസൺ, കെ എഫ് ഒ ബിജേഷ് കുമാര്‍, മുന്‍സിപ്പാലിറ്റിക്കുവേണ്ടി സുരേഷ് എ പി, റിഷാദ്  കെ, മറ്റു ക്ഷേത്ര ഭാരവാഹികൾ എന്നിവര്‍ പങ്കെടുത്തു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button