കിണറ്റില്‍ വീണ ഫോണെടുക്കാനിറങ്ങി; ഫോണും ആളും കിണറ്റിലായി, അഗ്നിശമനസേന രക്ഷകരായെത്തി
പേരാമ്പ്ര: കൂട്ടാലിട പഴയ ബസ്റ്റാന്‍റിന് സമീപത്തെ പൊതുകിണറില്‍ നിന്നും വെള്ളമെടുക്കുന്നതിനിടയില്‍, കിണറ്റില്‍ വീണ മൊബൈലും പണവും എടുക്കാനിറങ്ങിയ ഗിരീഷ് കല്ലാനിക്കല്‍ തിരിച്ചുകയറാന്‍ കഴിയാതെ കിണറ്റിലകപ്പെട്ടു. നാട്ടുകാര്‍ വിവരം നൽകിയതിനെ തുടർന്നെത്തിയ അഗ്‌നിശമനസേ റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് ഇയാളെ പുറത്തെടുത്തു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്‍റെ നേതൃത്ത്വത്തിലുള്ള സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത്.
രാത്രിയില്‍ മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെ ഉദ്ദേശം 50 അടിയോളം താഴ്ചയും പകുതിഭാഗത്തോളം വെള്ളമുള്ള കിണറ്റില്‍ സുരക്ഷാ നെറ്റ് മാറ്റാതെ ദുഷ്കരമായ നിലയിൽ ഇറങ്ങിയാണ് രക്ഷാദൗത്യം നിർവഹിച്ചത്. കാലവര്‍ഷം ശക്തമായി തുടരുമ്പോൾ തികഞ്ഞ ജാഗ്രതയോടെ മാത്രമേ ജനങ്ങൾ കിണർ പോലുള്ള ജലാശയങ്ങളിലിറങ്ങാവൂ എന്ന് സേന മുന്നറിയിപ്പ് നൽകി.
രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ ഏന്റ് റെസ്ക്യൂ ഓഫീസ്സര്‍മാരായ ഐ ഉണ്ണികൃഷ്ണന്‍, വി കെ നൗഷാദ്, പി ആര്‍ സത്യനാഥ്, എസ് ആര്‍ സാരംഗ്, ഇ എം പ്രശാന്ത്, പി വി മനോജ് എന്നിവരും പങ്കാളികളായി.