കിഫ്ബിക്കെതിരെ ഇഡി നടത്തുന്ന അന്വേഷണത്തിന്റെ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചി: കിഫ്ബിക്കെതിരെ ഇഡി നടത്തുന്ന അന്വേഷണത്തിന്റെ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി . സ്‌റ്റേ അനുവദിക്കണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. കിഫ്ബി ഫെമ നിയമങ്ങള്‍ ലംഘിച്ചെന്ന് സംശയമെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. വിശദമായ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കാമെന്നും അന്വേഷണ ഏജന്‍സി പറഞ്ഞു. ഹര്‍ജി അടുത്ത മാസം രണ്ടിന് വീണ്ടും പരിഗണിക്കും.
മസാല ബോണ്ട് ഇറക്കിയതില്‍ ഫെമ നിയമങ്ങളുടെ ലംഘനം നടന്നു എന്ന കേസിലാണ് കിഫ്ബിക്ക് ഇ ഡി സമന്‍സ് അയച്ചിരുന്നത്. ഇതിനെതിരെയാണ് സിഇഒ കെ എം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂല തോമസ് എന്നിവരടക്കം ഹര്‍ജി നല്‍കിയത്. വിദേശനാണ്യ വിനിമയചട്ടത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇ ഡി സമന്‍സ് അയച്ചത് ഉദ്യോഗസ്ഥരെ മനപൂര്‍വം ബുദ്ധിമുട്ടിക്കാനാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. നിലവിലെ സമന്‍സ് റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം.
റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചത്. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം റിസര്‍വ് ബാങ്കിനാണെന്നും ഇഡിക്ക് അല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.