കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ യുവതികളുടെ ആത്മഹത്യയിൽ കുരുങ്ങി പൊലീസ്
ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ രേഷ്‌മയുടെ അടുത്ത ബന്ധുക്കളായ രണ്ടു യുവതികൾ ഇത്തിക്കരയാറ്റിൽ ജീവനൊടുക്കിയ സംഭവങ്ങളിലെ ദുരൂഹത നീങ്ങിയില്ല. ഡിഎൻഎ ടെസ്റ്റിനെ തുടർന്ന് അറസ്റ്റിലായ രേഷ്‌മ, വീടിനു പുറത്തെ കുളിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ താൻതന്നെയാണ് ഉപേക്ഷിച്ചതെന്ന് മൊഴി നൽകിയിരുന്നു. കൂടുതൽ അന്വേഷണത്തിൻ്റെ ഭാഗമായി മൊഴിയെടുക്കാൻ വിളിപ്പിച്ച ബന്ധുക്കളായ രണ്ടു പെൺ കുട്ടികൾ ആത്മഹത്യ ചെയ്തത് സംഭവത്തിലെ ദുരൂഹത വർധിപ്പിക്കയാണ്.
രേഷ്‌മയുടെ ഭർത്താവ് വിഷ്‌ണുവിന്റെ സഹോദരൻ രഞ്ജിത്തിന്റെ ഭാര്യയാണ് ആത്മഹത്യ ചെയത് ആര്യ. വിഷ്‌ണുവിന്റെ സഹോദരി രജിതയുടെ മകളാണ് ഗ്രീഷ്‌മ. ആര്യയെ മാത്രമാണ് പൊലീസ് മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നത്. ഇവരെന്തിന് ആത്മഹത്യ ചെയ്തു.
ആര്യയുടെ ആത്മഹത്യാകുറിപ്പിൽ രേഷ്‌മ വഞ്ചിക്കുമെന്ന് കരുതിയില്ലെന്നുണ്ട്. കോവിഡ് ബാധിതയായ രേഷ്‌മ അട്ടക്കുളങ്ങര വനിതാ ജയിലിൽ റിമാൻഡിലാണ്. ഇവരെ ചോദ്യം ചെയ്തിട്ടില്ല.
ഫെയ്‌സ്‌ബുക്ക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിയായ അനന്തുവിനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ ആദ്യ മൊഴി. അനന്തുവിനെ നേരിട്ട് കണ്ടിട്ടില്ലെന്നും പറഞ്ഞിട്ടുണ്ട്. ആര്യയുടെ പേരിലുള്ള സിംകാർഡാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. ഫെയ്സ്ബുക്ക് അക്കൗണ്ട് ഉൾപ്പെടെ രേഷ്‌മ കൈകാര്യം ചെയ്തതും ഇതുപയോഗിച്ചാണ്.
വിദേശത്തായിരുന്ന രേഷ്‌മയുടെ ഭർത്താവ് വിഷ്ണു കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തുന്ന സമയത്ത് നാട്ടിലുണ്ടായിരുന്നു. പിന്നീട് തിരച്ച് പോയി. കേസിന് തുടർച്ചയായി ഇയാൾ കഴിഞ്ഞദിവസം വീണ്ടും നാട്ടിലെത്തിയിട്ടുണ്ട്.