കുടുംബശ്രീ ‘സമൃദ്ധി’ കാര്‍ഷിക ക്യാമ്പയിന്‍ നടീല്‍ ഉത്സവം
കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സമൃദ്ധി കാര്‍ഷിക ക്യാമ്പയിന്റെ മൂന്നാം ദിവസം നടീല്‍ ഉത്സവം കെ ദാസന്‍ എം.എല്‍.എ വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്തു. തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ബിജു, വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കവിത പിസി, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ഗിരീഷ് കുമാര്‍, ഗിരീഷന്‍ പിഎം എന്നിവര്‍ സന്നിഹിതരായി. തുടര്‍ന്ന് ‘ഭക്ഷ്യസുരക്ഷ- ലൈസന്‍സ് നടപടിക്രമങ്ങള്‍’ എന്ന വിഷയത്തില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. ജിതിന്‍ രാജ് ക്ലാസെടുത്തു. ആരോഗ്യ രംഗത്തെ കുടുംബശ്രീയുടെ കാല്‍വെപ്പായ സാന്ത്വനം ചെക്കപ്പ് സ്റ്റാള്‍, ജൈവിക പ്ലാന്റ് നേഴ്സറി, ചക്ക വിഭവങ്ങളുമായി ചക്കലോകം, നാടന്‍ വിഭവങ്ങളുമായി കായക്കോടി സി.ഡി.എസിന്റെ ഫുഡ്കോര്‍ട്ട്, നാടന്‍ തേന്‍, മറ്റ് നാടന്‍ വിഭവങ്ങളുമായി എസ്.ടി സംരംഭകരുടെ സ്റ്റാളുകള്‍, കൂടാതെ കുടുംബശ്രീയുടെ വിവിധ പദ്ധതികളായ എം.കെ.എസ്.പി, മൈക്രോ സംരംഭങ്ങള്‍, ട്രൈബല്‍, എസ്.വി.ഇ.പി എന്നിവയുടെ സ്റ്റാളുകള്‍ മൂന്നാം ദിവസവും സജീവമായി പ്രവര്‍ത്തിച്ചു. സമ്പൂര്‍ണ്ണ കാര്‍ഷിക സമൃദ്ധി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷക്കാലത്തെ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി ആവിഷ്‌കരിച്ചിട്ടുള്ളത്. കുടുംബശ്രീ വനിതകൃഷി സംഘങ്ങളുടെ രൂപീകരണവും ശാക്തീകരണവുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്.