കുട്ടികൾക്ക് എതിരെയുള്ള അതിക്രമം; ബോധവൽക്കരണം ശക്തമാക്കും
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ 2018
ഏപ്രിൽ ഒന്നുമുതൽ 2019 മാർച്ച് 31 വരെയായി 120 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇവയിൽ 74 ശതമാനം കേസുകൾ പെൺകുട്ടികൾക്കെതിരെയുള്ളതും 26 ശതമാനം ആൺകുട്ടികൾക്ക് എതിരെയുള്ളതുമാണ്. ശാരീരിക പീഡനം, മാനസിക പീഡനം, ലൈംഗിക പീഡനം, ബാലവേല എന്നിവയിലായി 885 കേസുകളാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിൽ ചൈൽഡ് ലൈൻ വഴി രേഖപ്പെടുത്തിയിട്ടുള്ളത്.
ലൈംഗിക പീഡനം ഏൽക്കേണ്ടി വന്നിട്ടുള്ളത് പെൺകുട്ടികൾക്ക് ആണെങ്കിൽ ശാരീരികമായ പീഡനങ്ങൾക്ക് ഇരയായിട്ടുള്ളത് ആൺകുട്ടികളാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 117 ലൈംഗിക പീഡന കേസുകളും 11 ബാലവേല കേസുകളും 7 ബാല വിവാഹങ്ങളും 130 ശാരീരിക പീഡന കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ബാലഭിക്ഷാടന കേസുകളിലായി 17 ഉം മാനസിക പീഡനത്തിന്റെ പേരിൽ 215 കേസുകളുമാ ണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച് രക്ഷിതാക്കൾക്ക് ഇടയിൽ കൂടുതൽ ബോധവൽക്കരണം വേണമെന്ന് ചൈൽഡ് ലൈൻ ഉപദേശക സമിതി യോഗം ഉദ്ഘാടനം ചെയ്ത ഡെപ്യൂട്ടി കലക്ടർ ഷാമീൻ സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിനുള്ള ആവശ്യകതയെക്കുറിച്ചും പീഡനത്തിനിരയാകുന്നവർക്ക് ധനസഹായം നൽകുന്ന വിക്‌ടിം കോമ്പൻസേഷൻ സ്കീം സംബന്ധിച്ച് കൂടുതൽ ബോധവൽക്കരണം വേണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. വടകര, താമരശ്ശേരി എന്നീ സ്ഥലങ്ങൾ കേന്ദ്രമാക്കി മൂന്നുമാസത്തിനകം ചൈൽഡ് ലൈൻ സബ് സെന്റർ സ്ഥാപിക്കുന്ന കാര്യവും യോഗം ചർച്ച ചെയ്തു.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ചൈൽഡ് ലൈൻ ഉപദേശക സമിതി യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ, ചൈൽഡ് ലൈൻ ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ എം അബ്ദുൽജബ്ബാർ, ഡിസ്ട്രിക് ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജ് ഉണ്ണികൃഷ്ണൻ, ചൈൽഡ് ലൈൻ സ്റ്റേറ്റ് ഇൻ ചാർജ് മനോജ് ജോസഫ്, ചൈൽഡ് ലൈൻ ഡിസ്റ്റിക് കോഡിനേറ്റർ മുഹമ്മദ് അഫ്സൽ കെ, സംസാരിച്ചു സി ഡബ്ല്യു സി ചെയർപേഴ്സൺ ബബിത എന്നിവർ സംസാരിച്ചു. യോഗത്തിൽ പങ്കെടുത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.