കുട്ടിയെ അപമാനിച്ച സംഭവം.പിങ്ക് പോലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
ആറ്റിങ്ങലില്‍ കുട്ടിയെ അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പോലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും ഉത്തരവില്‍ പറയുന്നു.
തിരുവനന്തപുരം ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും മൊബൈല്‍ മോഷ്ടാക്കളാക്കി ചിത്രീകരിച്ച് പൊതുമധ്യത്തില്‍ അപമാനിക്കാന്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. പരാതിക്കാരായ അച്ഛനെയും മകളെയും ആരോപണവിധേയരെയും വിളിച്ചുവരുത്തി ബാലാവകാശ കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷമാണ് ഇപ്പോള്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയത്.
അച്ഛനെയും മകളെയും അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബാലനീതി വകുപ്പ് 75 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശമാണ് പ്രധാനമായും നല്‍കിയിരിക്കുന്നത്. കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നത് സംബന്ധിച്ച് പോലീസ് സേനാംഗങ്ങള്‍ക്ക് കൃത്യമായ പരിശീലനം നല്‍കണമെന്നും ഇതിന് ഒരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്.