കുരങ്ങന്റെ ആക്രമണത്തില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ബറേലി: മൂന്ന് നില കെട്ടിടത്തിനുമുകളില്‍ നിന്നും നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കുരങ്ങന് എറിഞ്ഞുകൊന്നു. ഉത്തര്‍പ്രദേശ് ബറേലിയിലെ ദുന്‍ക ഗ്രാമത്തിലാണ് നാട്ടുകാരെ ഞെട്ടിച്ച അപകടം ഉണ്ടായത്.
സംഭവം അന്വേഷിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ അയച്ചതായി മുഖ്യ വന സംരക്ഷണ ഉദ്യോഗസ്ഥന് ലളിത് വെര്‍മ പറഞ്ഞു. ഗ്രാമവാസിയായ നിര്‍ദ്ദേശ് ഉപാദ്യായയും ഭാര്യയും വീട്ടിന്റെ മട്ടുപ്പാവില്‍ നടക്കുകയായിരുന്നു. കുഞ്ഞ് നിര്‍ദേശിന്റെ കയ്യിലായിരുന്നു. പെട്ടെന്ന് ഒരു കൂട്ടം കുരങ്ങുകള്‍ മട്ടുപ്പാവിലേക്ക് എത്തി. ദമ്പതികള്‍ കുരങ്ങുകളെ ആട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും അവ നിര്ദേശിനെ വളഞ്ഞു. പടികെട്ടു വഴി താഴേക്ക് ഓടാന്‍ ശ്രമിക്കവെ കുഞ്ഞ് പിതാവിന്റെ കൈയ്യില്‍ നിന്നും വഴുതിപ്പോയി. നിര്‍ദേശിന് കുഞ്ഞിനെ എടുക്കാന്‍ കഴിയും മുമ്പ് ഒരു കുരങ്ങ് കുഞ്ഞിനെ കൈക്കലാക്കി താഴേക്ക് വലിച്ചെറിയുകയുമായിരുന്നു.