കുറഞ്ഞ ചെലവിൽ പ്രസവ ചികിത്സ സാധ്യമാക്കി കൊയിലാണ്ടി താലൂക്ക് ആശുപത്രി
കുറഞ്ഞ ചെലവിൽ പ്രസവ ചികിത്സ സാധ്യമാക്കി ഒരു സര്‍ക്കാര്‍ ആശുപത്രി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ‘ലക്ഷ്യ പ്രസവമുറി’യാണ് പ്രസവം കുറഞ്ഞ സാമ്പത്തിക ചിലവില്‍ മെച്ചപ്പെട്ട സൗകര്യത്തോടെ സാധ്യമാക്കുന്നത്. 2021 നവംബര്‍ 20 നായിരുന്നു കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെ ലക്ഷ്യ പ്രസവമുറിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചത്.
ഉദ്ഘാടനത്തിന് ശേഷം ഗൈനക്കോളജി, പീഡിയാട്രിക്, അനസ്തേഷ്യ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനവും ലഭിച്ചതോടെ സിസേറിയനുകളും സാധാരണ പ്രസവങ്ങളും ഉള്‍പ്പടെ ആശുപത്രിയിൽ തിരക്കേറി. ജൂണ്‍, മെയ് മാസങ്ങളിലായി രണ്ട് സിസേറിയനുകള്‍ ഇവിടെ നടന്നു. ഈ വര്‍ഷം മാത്രം 36 ലാപ്രോ സര്‍ജറികൾ നടന്നു. രണ്ടാഴ്ച കൂടുമ്പോള്‍, പ്രസവം നിര്‍ത്തുന്ന ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ ഇവിടെ നടന്നു വരുന്നു.
വിവിധ വിഭാഗങ്ങളിലായി പതിനാല് ബെഡുകളാണ് ലക്ഷ്യ സ്റ്റാന്റേര്‍ഡിലുള്ള പ്രസവമുറിയിലുള്ളത്. ഇപ്പോള്‍ മുഴുവന്‍ ബെഡുകളിലും രോഗികളുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ഗൈനക്കോളജി ബ്ലോക്ക് സജ്ജീകരിച്ചിരിട്ടുള്ളത്.
നിലവില്‍ രണ്ട് ഗൈനക്കോളജിസ്റ്റുകളുടെ സേവനമാണ് ആശുപത്രിയിലുള്ളത്. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍കര്‍ ആശുപത്രി സന്ദര്‍ശിച്ച് ഗൈനക്കോളജി, പീഡിയാട്രിക്സ്, അനസ്തേഷ്യ വിഭാഗത്തില്‍ ഓരോ ഡോക്ടര്‍മാരെ കൂടി അനുവദിച്ച് ഉത്തരവായിരുന്നു.
ഇവരുടെ സേവനം കൂടി ലഭ്യമാകുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ആശുപത്രി പി.ആര്‍ ഒ പറഞ്ഞു.
കൊയിലാണ്ടി താലൂക്കില്‍പ്പെടുന്ന പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ജനങ്ങളും തീരദേശ മേഖലയില്‍ അധിവസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആയിരങ്ങളും ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രി. നവജാതശിശുക്കളുടെ പരിചരണത്തിനുള്ള എന്‍ ബി എസ് യു സംവിധാനവും അഞ്ച് കിടക്കകളോട് കൂടിയ പീഡിയാട്രിക് ഐ.സി.യുവും ആശുപത്രിയില്‍ സജ്ജമാണ്.