CRIME

കുറ്റബോധമില്ലാതെ ശരണ്യ; സങ്കടം തെറ്റു കണ്ടുപിടിക്കപ്പെട്ടതിന്

താന്‍ ഇത്രവലിയ തെറ്റുചെയ്തതിലല്ല തെറ്റ് കണ്ടുപിടിക്കപ്പെട്ടതിലെ വിഷമമാണ് പലപ്പോഴും ചോദ്യംചെയ്യുമ്പോള്‍ ശരണ്യ പ്രകടിപ്പിച്ചത്. കുട്ടിയെ കടലിലെറിഞ്ഞകാര്യം പറയുമ്പോഴൊന്നും അവളില്‍ വലിയ സങ്കടമൊന്നും കണ്ടില്ലെന്ന് പോലീസ് പറയുന്നു. ഭര്‍ത്താവിനെ പ്രതിയാക്കാനുള്ള ലക്ഷ്യം മൊഴിയില്‍ വ്യക്തമായിരുന്നു. പക്ഷേ, മാറ്റിമാറ്റിപ്പറഞ്ഞ കാര്യങ്ങള്‍ ശരണ്യയെത്തന്നെ കുടുക്കിലാക്കി.

 

അവള്‍ എന്റെ മകളായി പിറന്നല്ലോ….

 

കണ്ണൂര്‍: കടലില്‍പ്പോയി കഷ്ടപ്പെട്ട് പണിയെടുത്തിട്ടാണ് അവളെ പോറ്റിയത്. പൊന്നൂസിനെ ലാളിച്ചിട്ട് മതിയായിട്ടില്ല. ആ കുട്ടിയെ കൊന്ന അവള്‍ എന്റെ മകളായി പിറന്നല്ലോ -നെഞ്ച് പൊട്ടിക്കൊണ്ട് ശരണ്യയുടെ അച്ഛന്‍ വത്സരാജ് പറയുന്നു. അവള്‍ക്ക് മരണശിക്ഷ വിധിച്ചാലും ഞങ്ങള്‍ക്കൊന്നുമില്ല -അദ്ദേഹം പറഞ്ഞു.

 

ഞങ്ങള്‍ എല്ലാവര്‍ക്കും അത്രയേറെ പ്രിയപ്പെട്ടതായിരുന്നു മോന്‍. കടലില്‍ പോകുമ്പോഴും മനസ്സില്‍ അവനായിരുന്നു -അദ്ദേഹം വേദനയോടെ പറഞ്ഞു.

 

നടുക്കം വിട്ടുമാറാതെ നാട്ടുകാർ

 

കടലാക്രമണത്തോടൊപ്പം കാലവർഷക്കലിയിൽ കടലപകടങ്ങളും കണ്ട്‌ മനസ്സ് തകർന്നിട്ടുണ്ട് അരയഗ്രാമത്തിലെ ഈ തീരത്തിന്.
അവിടെയാണ് തങ്ങൾക്കുമുന്നിലൂടെ ബാല്യം കടന്നുപോയ ഇരുപത്തിരണ്ടുകാരി ചെയ്ത ക്രൂരത അവർക്ക് ഏറ്റവുംവലിയ നടുക്കമാവുന്നത്. ആർക്കും കണ്ടാൽ എടുത്തോമനിക്കാൻതോന്നുന്ന പിഞ്ചുകുഞ്ഞിനെ രാത്രി പാലുകൊടുത്തശേഷം കടലിൽ എറിയുകയും മരിച്ചെന്നുറപ്പുവരുത്താൻ കരയുന്ന കുട്ടിയെ വീണ്ടും കടലിലേക്ക് വലിച്ചെറിയുകയുംചെയ്യുക. ശേഷം ഒന്നുമറിയാത്തവളെപ്പോലെ വീട്ടിലേക്ക് തിരിച്ചുവന്ന് കിടക്കുക.
മണിക്കൂറുകൾക്കകം കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയി എന്ന പെരുംനുണപറഞ്ഞ് ഭർത്താവിനെ പരാതികൊടുക്കാൻ സ്റ്റേഷനിൽ പോകാൻ നിർബന്ധിക്കുക. ഇരുപത്തിരണ്ടുകാരിയുടെ ക്രിമിനൽ ബുദ്ധി പോലീസിനെപ്പോലും അതിശയിപ്പിച്ചു. പക്ഷെ, കടൽ കരയ്ക്ക് തിരിച്ചുകൊടുത്ത കുഞ്ഞിന്റെ ശരീരം ശരണ്യയുടെ വക്രബുദ്ധിക്ക് തിരിച്ചടിയായി. ശരണ്യയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ കൂട്ടത്തിൽ ഒരു സ്ത്രീ വിളിച്ചുപറഞ്ഞത് ഇങ്ങിനെ. ‘‘എടീ നി കടലമ്മയോട് കളിച്ചാൽ രക്ഷപ്പെടില്ല…’’ കുഞ്ഞിന്റെ ശരീരം കിട്ടിയിരുന്നില്ലെങ്കിൽ ശരണ്യയ്ക്ക് പറഞ്ഞുനിൽക്കാൻ പറ്റുമായിരുന്നു. ഭർത്താവിനെയും കേസിൽ പ്രതിചേർക്കാൻ പറ്റുമായിരുന്നു. ചിലർ ശരണ്യയെ ആക്രമിക്കാനും മുതിർന്നു. പോലീസ് അത് തടുക്കുകയുംചെയ്തു.
അയൽക്കാരോടെല്ലാം സാധാരണപോലുള്ള പെരുമാറ്റമായിരുന്നു ശരണ്യയ്ക്ക്. ഭർത്താവുമായി വഴക്കാണെന്ന് അവൾ അയൽക്കാരോട് പറയാറുണ്ടായിരുന്നു. കുഞ്ഞിനെ ഇല്ലാതാക്കാൻ മുമ്പും ശ്രമിച്ചോ എന്ന്‌ സംശയമുണ്ട്.
അതേസമയം ഞായറാഴ്ച ശരണ്യ ചില ലക്ഷ്യംവെച്ചുകൊണ്ടാണ് ഭർത്താവ് പ്രണവിനെ വിളിച്ചുവരുത്തിയത്.
നാലരവർഷംമുൻപ് വാരം സ്വദേശിയായ പ്രണവിനെ പ്രണയിച്ച് വിവാഹംകഴിച്ചതാണ്. വിവാഹമല്ല ഒളിച്ചോട്ടം. കല്യാണം കഴിക്കുമ്പോൾ ശരണ്യയ്ക്ക് 18 വയസ്സ് കഷ്ടി. പക്ഷെ, അവരുടെ ബന്ധത്തിൽ ഉലച്ചിൽവന്നു. ഭർതൃവിട്ടിൽ നിൽക്കാതെ ശരണ്യ തയ്യിലിലെ വീട്ടിൽത്തന്നെ താമസം തുടങ്ങി. അതിനിടെ ഭർത്താവുമായി സ്വരച്ചേർച്ചയില്ലാതായി. അതിനിടെയാണ് വാരം സ്വദേശിയും ഭർത്താവിന്റെ സുഹൃത്തുമായ വ്യക്തിയുമായി പരിചയപ്പെടുകയും ഫേസ്ബുക്ക് ബന്ധം സ്ഥാപിക്കുയും ചെയ്യുന്നത്. കുട്ടിയെ കടലിലെറിഞ്ഞശേഷം കുറ്റം ഭർത്താവിന്റെ തലയിൽ ചുമത്തി രക്ഷപ്പെടാനാണ് ശരണ്യ തീരുമാനിച്ചിരുന്നത്‌.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button