കുറ്റ്യാടിപ്പുഴത്തീരം സംരക്ഷിക്കാൻ സ്പെഷൽ സ്കീം രൂപപ്പെടുത്തുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ
കുറ്റ്യാടി: നിയോജക മണ്ഡലത്തിന്റെ കിഴക്കെ അതിരിലൂടെ 33 കി.മീ ദൂരം ഒഴുകുന്ന കുറ്റ്യാടിപ്പുഴത്തീരം സംരക്ഷിക്കാൻ സ്പെഷൽ സ്കീം രൂപപ്പെടുത്തുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ യുടെ സബ്മിഷനുള്ള മറുപടിയിലാണ് ഇതറിയിച്ചത്. പുഴയുടെ തീരം തകർച്ച കാരണം നിരവധി വീടുകളും കൃഷിയിടങ്ങളും ഏതു നിമിഷവും ഒഴുകിപ്പോകുന്ന അവസ്ഥയിൽ ഭയവിഹ്വലരാണ് പുഴയോര വാസികൾ.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പുഴയോരം സംരക്ഷിക്കുന്നതിന് നാമമാത്രമായ തുകയാണ് ലഭിച്ചത്. കുറ്റ്യാടി, വേളം തിരുവള്ളൂർ, മണിയൂർ ഗ്രാമപഞ്ചായത്തുകളിലെ ഏറ്റവും കൂടുതൽ അപകടം നിലനിൽക്കുന്ന ഭാഗങ്ങൾ കെട്ടി സംരക്ഷിക്കുന്നതിന് 11.37 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിട്ടുണ്ട്.
പ്രസ്തുത എസ്റ്റിമേറ്റിന് അടിയന്തരമായി അംഗീകാരം നൽകണമെന്നും സ്ഥലം നഷ്ടപ്പെട്ട ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും സബ്മിഷനിലൂടെ അഭ്യർഥിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും 2018- 19, 2020- 21 സാമ്പത്തിക വർഷങ്ങളിലായി ഏഴ് പ്രവൃത്തികൾക്ക് അംഗീകാരം നൽകി പൂർത്തീകരിച്ചു. 21 -22 വർഷം 40.50 ലക്ഷം രൂപക്ക് ഭരണാനുമതി നൽകി.
വേളം ഗ്രാമപഞ്ചായത്തിലെ ചോയിമഠം ഭാഗത്തെ പ്രവൃത്തി പുരോഗമിച്ചു വരുകയാണ്. അപകട ഭീഷണിയുള്ള പുഴയോരം കെട്ടി സംരക്ഷിക്കുന്നതിനായുള്ള എസ്റ്റിമേറ്റ് ലഭിച്ചിട്ടുണ്ടെന്നും ഫണ്ട് ലഭ്യതക്കനുസരിച്ച് നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുള്ള ഡാമുകളെക്കുറിച്ച് പഠനം നടത്താനും വൈദ്യുതി വകുപ്പുമായി ചേർന്ന് വൈദ്യുതി ഉൽപാദനത്തിനുള്ള സാധ്യതയും ഇറിഗേഷൻ സാധ്യതയും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരം പദ്ധതികൾ വിഭാവനം ചെയ്ത് കുറ്റ്യാടി പുഴയോരത്തുള്ള പ്രദേശത്തെ സംരക്ഷിക്കാനുള്ള ഒരു സ്പെഷൽ സ്കീം രൂപപ്പെടുത്തുന്നത് കൂടി സർക്കാർ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.