കുറ്റ്യാടി ജലവൈദ്യുത പദ്ധതി നവീകരണ പ്രവർത്തനങ്ങൾക്കൊരുങ്ങുന്നു
കേരളത്തിലെ ജലവൈദ്യുത പദ്ധതികളിൽ സ്ഥാപിതശേഷിയിൽ മൂന്നാം സ്ഥാനത്തുള്ള കക്കയത്തെ കുറ്റ്യാടി ജലവൈദ്യുത പദ്ധതി നവീകരണ പ്രവർത്തനങ്ങൾക്കൊരുങ്ങുന്നു.പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 50 വർഷം പൂർത്തീകരിച്ച മെഷീനുകൾ മാറ്റി ആധുനികീകരണ, ശേഷി വർധിപ്പിക്കൽ പ്രവൃത്തികളാണ് നവീകരണത്തിന്റെ ഭാഗമായി നടക്കുക. 225 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയിൽ 25 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് മെഷീനുകൾ അടങ്ങിയ ഒന്നാംഘട്ട പദ്ധതി 1972-ലാണ് സ്ഥാപിതമായത്. ഒന്നാംഘട്ട പദ്ധതിയിൽ ജപ്പാൻ കമ്പനിയായ ഫുജി നിർമിച്ച മൂന്ന് മെഷീനുകൾ 50 വർഷം പൂർത്തീകരിക്കുന്ന സാഹചര്യത്തിലാണ് നവീകരണം. 10 ശതമാനം ഉത്പാദനശേഷികൂടി വർധിപ്പിക്കാനാണ് തീരുമാനം. പദ്ധതി പൂർത്തിയാകുന്നതോടെ 25 മെഗാവാട്ട് മെഷീനുകളുടെ ശേഷി 27.5 മെഗാവാട്ടായി ഉയർത്തും. മൂന്ന് മെഷീനുകൾക്കുംകൂടി 7.5 മെഗാവാട്ടിന്റെ അധികഉത്‌പാദനം സാധ്യമാക്കുകയും പദ്ധതിയുടെ മൊത്തം ഉത്‌പാദനശേഷി 239.25 മെഗാവാട്ടായി വർധിക്കുകയുംചെയ്യും. ഇതുമൂലം വാർഷിക വൈദ്യുതിഉത്പാദനം 26 ദശലക്ഷം യൂണിറ്റ് അധികമായി ഉയരുമെന്നാണ് കണക്കാക്കുന്നത്.മൂന്ന് മെഷീനുകളുടെയും എം.ഐ.വി., ടർബൈൻ, ജനറേറ്റർ, കൺട്രോൾ പാനലുകൾ എന്നിവയും അനുബന്ധ ഉപകരണങ്ങളും മാറ്റി സ്ഥാപിക്കും.ഇലക്‌ട്രോ മെക്കാനിക്കൽ ജോലികളുടെ കരാർ ഏറ്റെടുത്തിരിക്കുന്നത് കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്‌ട്രിക്കൽസ് ലിമിറ്റഡ് ആണ്.
89.82 കോടി രൂപയുടെ കരാറാണ് ബി.എച്ച്.ഇ.എലിന് നൽകിയിരിക്കുന്നത്.