കുറ്റ്യാടി ജലസേചന പദ്ധതിയുടെ പ്രധാന കനാൽ തുറന്നു ; കൊയിലാണ്ടി വടകര താലൂക്കുകളിലെ നിരവധി സ്ഥലങ്ങളിൽ വെള്ളം എത്തും
കുറ്റ്യാടി ജലസേചന പദ്ധതിയുടെ പ്രധാന കനാൽ തുറന്നു പദ്ധതി നിർമ്മാണ ഘട്ടത്തിൽ ജീവൻ പൊലിഞ്ഞവരെ അനുസ്മരിച്ചു. പുഷ്പാർച്ചന നടത്തിയ ശേഷമാണ് കനാൽ തുറന്നത്. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ സുനിൽ, വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ യു കെ ഗിരീഷ് എന്നിവർ ചേർന്നാണ് അണക്കെട്ടിനുള്ളിലെ ലിവർ തിരിച്ച് ഷട്ടർ ഉയർത്തി പ്രധാന കനാലിലേക്ക് ജലം ഒഴുക്കിയത്.
ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളമെത്തുന്ന ഇടതുകര കനാൽ തുറന്നതോടെ ഈ മേഖലയിലെ ജലദൗർലഭ്യത്തിന് താൽക്കാലിക പരിഹാരമാകും. വടകര ഭാഗങ്ങളിൽ വെള്ളമെത്തുന്ന വലതു കനാൽ മാർച്ച് മൂന്നിന് തുറക്കും.
ഇത് കൂടി തുറക്കുന്നതോടെ കൊയിലാണ്ടി വടകര താലൂക്കുകളിലെ നിരവധി സ്ഥലങ്ങളിൽ വെള്ളം എത്തും. ഇപ്പോഴത്തെ കടുത്ത ജലക്ഷാമത്തിന് ഇതോടെ ഒരു പരിധിവരെ പരിഹാരമാകും. കനാൽ പോകുന്നതിന് സമീപത്തെ ജല സ്രോതസ്സുകളിലും വെള്ളം എത്തുന്നതോടെ ഉള്ളിയേരിയിലെ കുടിവെള്ളത്തിനും കൃഷിക്കും ആവശ്യത്തിന് ജലം ലഭ്യമാവും.