കൂടത്തായി കൂട്ടക്കൊലക്കേസിൽ മൃതദേഹാവശിഷ്ടങ്ങൾ ദേശീയ ലാബിൽ പരിശോധിക്കാൻ കോടതി അനുമതി
കോഴിക്കോട്: നാടിനെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലക്കേസിൽ മൃതദേഹാവശിഷ്ടങ്ങൾ ദേശീയ ലാബിൽ പരിശോധിക്കാൻ കോടതി അനുവദിച്ചു. മൃതദേഹ സാംപിളുകൾ വീണ്ടും ഫൊറൻസിക് പരിശോധന നടത്തണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയ്ക്കെതിരെ നേരത്തെ പ്രതിഭാഗം തടസ്സം ഉന്നയിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്നു കാണിച്ച് പ്രതിഭാഗം എതിർ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു. ഇതു തള്ളികൊണ്ടാണ് കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി വീണ്ടും പരിശോധന നടത്താൻ അനുമതി നൽകിയിരിക്കുന്നത്.
കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ഭർതൃപിതാവ് ടോം തോമസ്, ഭർതൃമാതാവ് അന്നമ്മ, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈൻ എന്നിവരുടെ മൃതദേഹ സാംപിളുകൾ ഹൈദരാബാദിലെ സെൻട്രൽ ഫൊറൻസിക് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയയ്ക്കാനുള്ള അനുമതിക്കായി പ്രോസിക്യൂഷൻ സെഷൻസ് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. കൊല്ലപ്പെട്ട ആറുപേരിൽ ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. സയനൈഡ് ഉള്ളിൽ ചെന്നതാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
മറ്റ് അഞ്ചു പേരുടെ മൃതദേഹാവശിഷ്ടങ്ങൾ 2020 ജനുവരിയിൽ കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ പരിശോധിച്ചെങ്കിലും രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മൃതദേഹ സാംപിളിൽ മാത്രമാണു സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെയാണു ബാക്കി നാലു പേരുടെയും മൃതദേഹാവശിഷ്ടങ്ങൾ വിശദ പരിശോധനയ്ക്ക് ഹൈദരാബാദിലേക്ക് അയയ്ക്കണമെന്നു പ്രോസിക്യൂഷൻ ആവശ്യം ഉന്നയിച്ചത്. പ്രതി ജോളിയുടെ മൂന്ന് കൊലപാതകക്കേസുകളിലെ ജാമ്യാപേക്ഷകൾ ഇന്നലെ കോടതി തള്ളി.