കൂടത്തായി കൊലപാതക പരമ്പരയിലെ എല്ലാ കേസുകളും മാറാട് സ്പെഷൽ കോടതിയിലേക്ക് മാറ്റി
കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരകേസില്‍ വിചാരണ പ്രത്യേക കോടതിയിലേക്ക് മാറ്റി. എല്ലാ കേസുകളും മാറാട് സ്പെഷൽ കോടതിയിലേക്കാണ് മാറ്റിയത്. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
വിചാരണ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2002 നും 2016 ഇടയില്‍ ഒരു കുടുംബത്തിലെ 6 പേരെ കേസിലെ മുഖ്യ പ്രതിയായ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. രണ്ടര വര്‍ഷത്തിലധികമായി ജോളി ജയില്‍ കഴിയുകയാണ്. കൊലപാതക കേസുകളില്‍ ജോളിയും സഹായികളുമടക്കം 4 പേര്‍ പ്രതികളാണ്.
കേസിലെ ഒന്നാം പ്രതി ജോളിയുടെ ജാമ്യാപേക്ഷകൾ കഴിഞ്ഞ മാര്‍ച്ചില്‍ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തളളിയിരുന്നു. പൊന്നാമറ്റത്തിൽ ടോം തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ എന്നിവരുടെ കൊലപാതക കേസുകളിലാണ് ജോളി വെവ്വേറെ ജാമ്യാപേക്ഷകൾ നൽകിയത്. വിചാരണ നീണ്ടുപോവുകയാണെന്നും സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ജോളിയുടെ അപേക്ഷ. എന്നാൽ അന്നാമ്മ തോമസിനെ വധിച്ച കേസിൽ ഹൈക്കോടതി നേരത്തെ നൽകിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയത് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു. ജോളിക്ക് കോടതി ജാമ്യം നിഷേധിച്ചു. കേസില്‍ നിലവില്‍ നാല് പ്രതികളാണുള്ളത്.
.