ഗതകാല പ്രൗഡിയിലേക്ക് പിഷാരികാവ് ക്ഷേത്രോത്സവം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രോത്സവം മുൻകാലത്തേക്കാൾ ആഘോഷപ്പൊലിമയോടേയും ക്ഷേത്രച്ചടങ്ങുകളുടെ ഗാംഭീര്യം നിലനിർത്തിയും ആഘോഷിക്കാൻ ട്രസ്റ്റി ബോർഡ് യോഗം ചേർന്ന് പരിപാടികൾ തയ്യാറാക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന കർശന നിർദ്ദേശം നിലനിൽക്കുന്നതിനാൽ, പ്രൊഫഷണൽ സംഘങ്ങളുടെ കലാപരിപാടികൾ ഇത്തവണയും ഉണ്ടാവില്ല. ആയിരങ്ങൾക്ക് ഭക്ഷണം നൽകുന്ന പ്രസാദ ഊട്ട് ഒഴിവാക്കും. ക്ഷേത്ര ചടങ്ങുകളുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും അതിന്റെ പൊലിമയും പ്രൗഡിയും നിലനിർത്തിക്കൊണ്ട് തന്നെ ആഘോഷിക്കും. അഞ്ച് കൊമ്പനാനകളും രണ്ട് പിടിയാനകളുമുൾപ്പെടെ ഏഴാനകൾ എഴുന്നള്ളത്തിനും ശീവേലികൾക്കുമായി അണിനിരക്കും. കേരളത്തിലെ തലയെടുപ്പുള്ള ആനകളെത്തന്നെ ഇതിനായി കണ്ടെത്താനും നിശ്ചയിച്ചിട്ടുണ്ട്.
മേളക്കമ്പക്കാരെയെല്ലാം തൃപ്തിപ്പെടുത്താൻ കഴിയുംവിധം, പ്രശസ്തരായ മേളപ്രമാണിമാരുടെ നേതൃത്വത്തിലുള്ള 150 അംഗ പാണ്ടിയും പാഞ്ചാരിയുമൊക്കെ ഇത്തവണയും കൊട്ടിക്കയറും. അനുമതി ലഭിക്കുന്നതനുസരിച്ചുള്ള കരിമരുന്ന് പ്രയോഗങ്ങളുമുണ്ടാകും. പതിവുപോലെ ക്ഷേത്രകലകളുടെ വലിയ നിരതന്നെ ഉണ്ടാവും. ഈ കാര്യങ്ങളൊക്കെ വിശദമായി ചർച്ച ചെയ്ത് ചുമതലകൾ നൽകിയതായും തുടർന്നുള്ള ദിവസങ്ങളിൽ പൊതുജനങ്ങളുടെ വലിയ സഹകരണമുണ്ടാകണമെന്നും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ വേണു കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു. ട്രസ്റ്റി ബോർഡ് ചെയർമാൻ കൊട്ടിലകത്ത് ബാലൻ നായർ അദ്ധ്യക്ഷനായിരുന്നു.